കേരളത്തില്‍ നടക്കുന്നത് പോലീസ് രാജാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസ്സന്‍. വാളയാറിലെ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷിച്ച അതേ പോലീസാണ് അട്ടപ്പാടിയില്‍ വ്യാജ ഏറ്റുമുട്ടലുണ്ടാക്കി മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നത്. മവോവാദികളുടെ ലഘുലേഖ സൂക്ഷിച്ചതിന്‍റെ പേരില്‍ സി.പി.എമ്മുകാരയ രണ്ട് വിദ്യാര്‍ത്ഥികളുടെ മേല്‍ യു.എ.പി.എ ചുമത്തിയതും ഇതേ പോലീസാണ്.
സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചെന്ന് ഉറപ്പുണ്ടെങ്കില്‍ സര്‍ക്കാര്‍ അവരുടെ മേല്‍ നടപടിയെടുക്കാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രി തയ്യാറാകുന്നില്ല. പോലീസ് രാജിന് മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ട്. ആല്‍ക്കൂട്ട കൊലപാതകത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പടെയുള്ള സാംസ്‌കാരിക നായകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത ബി.ജെ.പി ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഭരിക്കുന്ന ബിഹാര്‍ പോലീസും പിണറായി വിജയന്‍റെ പോലീസും തമ്മില്‍ എന്തുവ്യത്യാസമാണുള്ളത്. ബീഹാര്‍ പോലീസിനെക്കാള്‍ ക്രൂരമായ നടപടിയാണ് കേരളാ പോലീസ് കൈക്കൊള്ളുന്നത്.
വാളയാര്‍ക്കേസില്‍ സി.ബി.ഐ അന്വേഷണവും മാവോയിസ്റ്റ് വ്യാജ ഏറ്റുമുട്ടലില്‍ ജുഡിഷ്യല്‍ അന്വേഷണവും പിണറായി ഭരണത്തില്‍ നടക്കില്ല. ആഭ്യന്തരം പിണറായി വിജയന്‍ കയ്യാളുന്നയിടത്തോളം കേരളത്തിന്‍റെ സ്ഥിതി ഇതുതന്നെയായിരിക്കും. സി.പി.ഐക്ക് തന്‍റേടമുണ്ടങ്കില്‍ പിണറായി വിജയന്‍ ആഭ്യന്തരം ഒഴിയാന്‍ ഇടതു മുന്നണിയില്‍ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും ഹസ്സന്‍ പറഞ്ഞു.
ഡി.സി.സിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയില്‍ സംസാരിക്കുക ആയിരുന്നു ഹസന്‍.