കിഴക്കൻ അഫ്ഗാനിസ്ഥാനിൽ നംഗർഹാർ പ്രവിശ്യയിലെ പള്ളിയിൽ നടന്ന ബോംബ് സ്ഫോടനത്തിൽ 62 മരണം. നൂറിലധികം പേർക്കു പരിക്കേറ്റിട്ടുണ്ട്. താലിബാനും ഐഎസിനും സ്വാധീനമുള്ള പ്രദേശമാണിത്.
പ്രവിശ്യാതലസ്ഥാനമായ ജലാലബാദിൽനിന്ന് 50 കിലോമീറ്റർ അകലെ ഹസ്കാ മിനാ ജില്ലയിലെ മോസ്കിലാണു സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൻറെ ശക്തിയിൽ മോസ്കിൻറെ മേൽക്കൂര തകർന്നു. ആക്രമണത്തിൻറെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും ഐഎസിനും സ്വാധീനമുള്ള പ്രദേശമാണിത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് പറഞ്ഞു. പരിക്കേറ്റവരിൽ 23 പേരെ ജലാലാബാദിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. കെട്ടിടത്തിൻറെ അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടവർക്കായി തെരച്ചിൽ തുടരുകയാണ്.
പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തെ അഫ്ഗാൻ സർക്കാർ ശക്തമായി അപലപിക്കുന്നുവെന്നും സാധാരണക്കാരെയാണ് ഇത് ലക്ഷ്യമിടുന്നതെന്നും അഫ്ഗാൻ പ്രസിഡന്റ് വക്താവ് പ്രസ്താവിച്ചു. ഇക്കഴിഞ്ഞ ജൂലൈ ഒന്നുമുതൽ സപ്തംബർ 31 വരെ അഫ്ഗാനിസ്താനിലുണ്ടായ ആക്രമണങ്ങളിൽ 1174 പേർ കൊല്ലപ്പെടുകയും 3139 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.