ഭൂമി അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ പേരിൽ പരാതി നൽകിയ അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസിലർ കൊല്ലപ്പെട്ട നിലയിൽ. ഡോ. ഡി. അയ്യപ്പ ദൊരൈ ആണ് മരിച്ചത്.
ആർ.ടി. നഗറിലെ വീടിനു സമീപമുള്ള റോഡിൽ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി നടക്കാനിറങ്ങിയപ്പോൾ കുത്തേറ്റതായാണ് സംശയിക്കുന്നത്. നടക്കാൻപോയശേഷം വീട്ടിൽ തിരിച്ചെത്താത്തതിനാൽ കുടുംബാംഗങ്ങൾ അന്വേഷിച്ചിറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആർ.ടി. നഗർ പൊലീസ് കേസെടുത്തു. സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
ഡോ. കെ. ശിവരാം കാരന്ത് ലേഔട്ടിനായി സ്ഥലമേറ്റെടുത്തുള്ള വിജ്ഞാപനം 2010-ൽ മുഖ്യമന്ത്രിയായിരിക്കെ ബി.എസ്. യെദ്യൂരപ്പ നിയമവിരുദ്ധമായി റദ്ദാക്കിയെന്നാരോപിച്ച് പൊതുരംഗത്ത് സജീവമായിരുന്ന ഡോ. അയ്യപ്പ അഴിമതിനിരോധന ബ്യൂറോയിൽ പരാതി നൽകിയിരുന്നു. എന്നാൽ, 2017 സെപ്റ്റംബർ 22-ന് കർണാടക ഹൈക്കോടതി പരാതിയിലെ അന്വേഷണം സ്റ്റേ ചെയ്തു.
ഡോ. അയ്യപ്പ 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ‘ജന സമനയ’ എന്ന പേരില്‍ ഒരു പാർട്ടി രൂപവത്കരിച്ചിരുന്നു.