പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ. ഇന്നലെ പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളില്‍ 30.3 എന്ന സ്കോറുമായി 102–ആം സ്ഥാനത്താണ് ഇന്ത്യ. ഇതേസമയം അയൽരാജ്യങ്ങളെല്ലാം ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്.
കഴിഞ്ഞവർഷം 106-ആം സ്ഥാനത്ത്, ഇന്ത്യയെക്കാൾ പിന്നിലായിരുന്ന, പാകിസ്ഥാന് ഇപ്പോൾ നില മെച്ചപ്പെടുത്തി 94–ആം സ്ഥാനത്താണ്. ചൈനയുടെ റാങ്ക് 25. ശ്രീലങ്ക 66-ആം സ്ഥാനത്തും നേപ്പാള്‍ 73-ആം സ്ഥാനത്തും ബംഗ്ലാദേശ് 88-ആം സ്ഥാനത്തുമാണുള്ളത്.
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് ആണ് ഏറ്റവും പിന്നിൽ, 117-ആം സ്ഥാനം. ഇന്ത്യക്ക് തൊട്ടുപുറകിലുള്ളത് സിയറ ലിയോണ്‍, ഉഗാണ്ട, ജിബൂട്ടി, കോംഗോ റിപ്പബ്ലിക്, സുഡാന് തുടങ്ങിയ രാഷ്ട്രങ്ങളാണ്.
ശിശുമരണ നിരക്ക്, ശിശുക്കളിലെ വളർച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ്, ശരീരശോഷണം, വിളര്‍ച്ച തുടങ്ങിയവ അടിസ്ഥാനമാക്കി തയാറാക്കുന്ന സൂചികയിൽ അതിസമ്പന്ന രാജ്യങ്ങളെ ഉൾപ്പെടുത്താറില്ല. പട്ടിണി കൂടുന്നതനുസരിച്ച് റാങ്കിൽ പിന്നോട്ടുപോകും. ജർമൻ സന്നദ്ധസംഘടന വെൽത്ഹംഗർഹിൽഫും ഐറിഷ് സന്നദ്ധസംഘടന കൺസേൺ വേൾഡ്വൈഡും ചേർന്നാണു സൂചിക തയാറാക്കിയത്.
17 രാജ്യങ്ങള്‍ക്കാണ് 5 ല്‍ താഴെ സ്കോര്‍ ഉള്ളത്. ഇവർക്ക് വെവ്വേറെ റാങ്ക് നല്‍കാതെ 1-17 വരെയുള്ള റാങ്ക് ഒന്നായി കണക്കാക്കിയിരിക്കുകയാണ്.
പട്ടിണി ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ വലിയ പുരോഗതി ലോകമെങ്ങും ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും 70 കോടിയിലേറെ ആളുകൾ ജീവിക്കുന്നത് ദയനീയ വരുമാനത്തിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 5 വയസ്സെത്തും മുൻപു മരിക്കുന്ന കുട്ടികളുടെ എണ്ണം വർഷം തോറും 50 ലക്ഷത്തിലേറെയാണെന്നും അതും പലപ്പോഴും ഏറ്റവും ചെലവു കുറഞ്ഞ ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്ന രോഗങ്ങൾ മൂലമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളിൽ ഏറെപ്പേരുടെയും പഠനമോഹങ്ങൾ തോറ്റുപോകുന്നതും ദാരിദ്ര്യത്തിനുമുന്നിൽ. പകുതിയിലേറെപ്പേര്‍ അടിസ്ഥാന എഴുത്തോ വായനയോ കണക്കോ അറിയാതെ തന്നെ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാകുന്നു.
വന്‍ വികസനങ്ങള്‍ ലക്ഷ്യമിട്ട് കുതിക്കുമ്പോഴും ഇന്ത്യയിലെ സ്ഥിതി ഗുരുതരമാണെന്ന് കണക്കുകള്‍ പറയുന്നു.