2018 ലെ പ്രളയദുരിത ബാധിതർക്കുള്ള നഷ്ടപരിഹാരം ഒരു മാസത്തിനകം നൽകണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. അർഹരെന്ന് കണ്ടെത്തിയവർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. പുതിയ അപേക്ഷകളുടെ വിശദാംശം ഒന്നര മാസത്തിനകം പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
2018ലെ മഹാപ്രളയത്തിൽ പെട്ടവരുടെ പുനരധിവാസം അടക്കമുള്ളവയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികൾ പരിഗണിച്ചപ്പോഴാണ് അർഹരായവർക്കുള്ള നഷ്ടപരിഹാര തുക എത്രയും വേഗം നൽകണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയത്. അർഹരെന്ന് കണ്ടെത്തിയവർക്ക് ഒരു മാസത്തിനകം നഷ്ടപരിഹാര തുക നൽകാനാണ് നിർദ്ദേശം. പ്രളയബാധിതരുടെ ധനസഹായം വൈകുന്നതുമായി ബന്ധപ്പെട്ടും വിതരണത്തിലെ ക്രമക്കേടും വീഴ്ചകളും ചൂണ്ടിക്കാട്ടി 15 ഓളം ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അപ്പീൽ അനുവദിച്ചിട്ടും നഷ്ടപരിഹാരം ലഭിക്കാത്തവർ നിരവധിയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രളയം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും പരാതികൾ ഉയരുന്നുണ്ടല്ലോയെന്ന് ചോദിച്ച കോടതി, ഇതു വരെ എത്ര പേർക്ക് ധനസഹായം ലഭ്യമാക്കിയെന്നും ആരാഞ്ഞു. നഷ്ടപരിഹാരം സംബന്ധിച്ച അപേക്ഷകൾ ഗസറ്റിൽ രേഖപ്പെടുത്തുന്ന നടപടിക്രമങ്ങൾ എവിടെയെത്തിയെന്നും കോടതി ചോദിച്ചു. ഇത്തവണയും പ്രളയം ആവർത്തിച്ച പശ്ചാത്തലത്തിൽ സാവകാശം തേടിയത് കണക്കിലെടുത്ത് പുതിയ അപേക്ഷകളുടെ വിശദാംശങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിക്കാൻ ഒന്നര മാസം സമയം കൂടി കോടതി സർക്കാരിന് നീട്ടി നൽകി.