അരുണ്‍  ജെയ്റ്റലി അന്തരിച്ചു : മോദിയുടെ തത്സമയ പരിപാടി റദ്ദാക്കി ദൂരദര്‍ശന്‍ ;വിദേശ പര്യടനം റദ്ദാക്കാതെ മോദി , ഗള്‍ഫ് സന്ദര്‍ശനവും സ്വീകരണ ചടങ്ങുകളും തുടരും

B.S. Shiju
Saturday, August 24, 2019

അബുദാബി : ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ഇന്ത്യയുടെ റൂപേ കാര്‍ഡിന്റെ യുഎഇ ലോഞ്ചിനിടെയാണ് മുന്‍ കേന്ദ്രമന്ത്രിയും ഒന്നാം മോദി സര്‍ക്കാരിലെ ധനകാര്യ മന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റലിയുടെ മരണ വാര്‍ത്ത എത്തുന്നത്. ഈ സമയം, കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ദുരദര്‍ശന്‍ ( ഡി ഡി ന്യൂസ് ) , തത്സമയം റൂപേ കാര്‍ഡിന്റെ വാര്‍ത്തയും വീഡിയോ സംപ്രേക്ഷണം ചെയ്ത് വരുകയായിരുന്നു. ഉടന്‍ മോദിയുടെ പരിപാടിയുടെ ലൈവ് റദ്ദാക്കി, ജെയ്റ്റലിയുടെ മരണ വാര്‍ത്തയിലേക്ക് ദൂരദര്‍ശന്‍ മാറുകയായിരുന്നു. ഇതോടെ, ജെയ്റ്റലി അന്തരിച്ചതിനാല്‍, മോദിയുടെ ഇനിയുള്ള വിദേശ രിപാടികള്‍ റദ്ദാക്കുമോ എന്ന രീതിയിലുള്ള പ്രചാരണം ശക്തമായി. യുഎഇയ്ക്ക് പുറമേ, ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം, ബഹ്‌റൈനിലും ഞായാറാഴ്ച മുതല്‍ പാരീസിലുമാണ് , മോദി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്.

തുടര്‍ന്ന് ഉച്ചയോടെ, വാര്‍ത്താ എജന്‍സിയുടെ റിപ്പോര്‍ട്ട് വന്നു. അരുണ്‍ ജെയ്റ്റലിയുടെ ഭാര്യയും മകനുമായി മോദി ഫോണില്‍ സംസാരിച്ചെന്നും, അനുശോചനം ഫോണിലൂടെ അറിയിച്ചെന്നും എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ഒപ്പം, ജെയ്റ്റലിയുടെ ഭാര്യയും മകനും മോദിയുടെ വിദേശ പര്യടനം റദ്ദാക്കേണ്ട ആവശ്യം ഇല്ലെന്ന് നിര്‍ബന്ധിച്ച് പറഞ്ഞെന്നും വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, മുന്‍ കൂട്ടി നിശ്ചയിച്ച വിദേശ പര്യടനം മോദി റദ്ദാക്കില്ലെന്ന് വ്യക്തമായി, വിദേശ പര്യടനം തുടരുകയായിരുന്നു.