സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നു. പച്ചക്കറിക്കും മത്സ്യത്തിനും തീവിലയാണ്. എല്ലാ പച്ചക്കറിയിനങ്ങൾക്കും വിലയേറി. കിട്ടാനില്ലെന്നതാണ് പച്ചക്കറിയുടെ വിലക്കയറ്റത്തിനു കാരണമായി വ്യാപാരികൾ പറയുന്നത്.
മഴ കനത്തതോടെ ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞു. കൊടുംവരൾച്ച തമിഴ്നാട്ടിലെ പച്ചക്കറി കൃഷി നാമാവശേഷമാക്കി. ആന്ധ്രയിൽനിന്നു പച്ചക്കറി വരവ് കുറഞ്ഞെന്നും വ്യാപാരികൾ പറയുന്നു.
പച്ചക്കറികളിൽ ബീൻസിനാണ് അസാധാരണ വിലക്കയറ്റം. കിലോയ്ക്ക് 100 രൂപയിലാണു വിൽപന. 30 രൂപയിൽ നിന്നാണ് ഈ വില കുതിച്ചത്. തക്കാളി 50, പച്ചമുളക് 100 എന്നിവയ്ക്കും ഞെട്ടിക്കുന്ന വില. മഴയായിട്ടും ചെറുനാരങ്ങയുടെ വില കുറഞ്ഞിട്ടില്ല, കിലോയ്ക്ക് 100 രൂപ. പഴവർഗങ്ങൾക്കും വിലയേറി. ഏത്തപ്പഴം കിലോ 75 രൂപ വരെയെത്തി. ഞാലിപ്പൂവന് ചില്ലറ വിപണിയിൽ കിലോയ്ക്ക് 60 രൂപയെത്തി.
ട്രോളിങ് നിരോധനംമൂലം കടൽമത്സ്യത്തിനു ക്ഷാമമായി. കിലോയ്ക്ക് 200 രൂപ വരെയെത്തിയ മത്തിക്ക് ഇപ്പോൾ അൽപ്പം വില കുറഞ്ഞു. ഒട്ടെല്ലാ മത്സ്യങ്ങൾക്കും കിലോയ്ക്ക് 200 രൂപയ്ക്കു മുകളിലാണ് വില. നെയ്മീന് വില 600 മുകളിലാണ്. വളർത്തു മത്സ്യങ്ങൾക്കും ശരാശരി വില കിലോയ്ക്ക് 150 രൂപയ്ക്കു മുകളിലാണ്. മത്സ്യങ്ങളുടെ വില ഉയർന്നതോടെ പച്ചക്കറികളിലേക്ക് ഉപഭോക്താക്കൾ തിരിഞ്ഞതും വില കൂടാൻ കാരണമായിട്ടുണ്ട്.