ജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ട പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കണ്ണൂരിലെ നിയുക്ത എംപി കെ സുധാകരൻ. രാഷ്ട്രീയ ധാർമികതയ്ക്ക് അല്‍പമെങ്കിലും വില കല്‍പിക്കുന്നുണ്ടെങ്കിൽ ജന പിന്തുണ നഷ്ടപ്പെട്ട പിണറായി, മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് പുറത്തുപോകണമെന്നും സുധാകരൻ. തന്നെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച സമ്മതിദായകരോട് നന്ദി അറിയിക്കാനായി നടത്തുന്ന ലോക്സഭാ മണ്ഡല തല പര്യടനത്തിൽ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ ലോക്സഭാ മണ്ഡലത്തിന്‍റെ ചരിത്രത്തിൽ എറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിച്ച കെ സുധാകരന്‍ വോട്ടർമാരോട് നന്ദി പ്രകടിപ്പിക്കാനായി നടത്തിയ സ്വീകരണ പരിപാടി ജനപങ്കാളിത്തത്താല്‍ ഏറെ ആവേശകരമായി. തോട്ടടയിൽ നിന്ന് ആരംഭിച്ച പര്യടനം എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ജനസാഗരത്തിന്‍റെ ആവേശക്കടൽ തീർത്തു.
പാർട്ടി പ്രവർത്തകരും യു.ഡി.എഫ് നേതാക്കളും പൊതുജനങ്ങളും ഉൾപ്പെടെയുള്ള ആളുകൾ ഒന്നാകെ സ്വീകരണകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ജനനായകനെ പാർട്ടി പ്രവർത്തകർ ഓരോ സ്വീകരണ കേന്ദ്രത്തിലും മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചാനയിച്ചു. തോട്ടടയിൽ നിന്നും ആരംഭിച്ച പര്യടനത്തിന് നാടാൽ, എടക്കാട് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ധർമ്മടം നിയോജക മണ്ഡലത്തിലെ മുഴപ്പിലങ്ങാട്, മീത്തലെ പീടിക, ചിറക്കുനി, പാറപ്രം, പിണറായി, മമ്പറം, പെരളശ്ശേരി, കാടാച്ചിറ, ചാല എന്നിവിടങ്ങളിലും ആവേശകരമായ സ്വീകരണമാണ് കെ സുധാകരന് നൽകിയത്.
കേരളത്തിൽ ഇടതിനെതിരായ ഉണ്ടായ ജനവിധിയുടെ ധാർമ്മിക ഉത്തരവാദിത്വം മുഖ്യമന്ത്രിയാണ് ഏറ്റെടുക്കേണ്ടത്. ജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ട പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും കെ സുധാകരൻ പറഞ്ഞു. വൻ പരാജയം ഏറ്റുവാങ്ങിയത് സർക്കാറിന്‍റെ ജനദ്രോഹ നയങ്ങൾ കാരണമാണ്. രാഷ്ട്രീയ ധാർമ്മികതയ്ക്ക് അല്‍പമെങ്കിലും വില കല്‍പിക്കുന്നുണ്ടെങ്കിൽ ജനപിന്തുണ നഷ്ടപ്പെട്ട മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പുറത്തുപോകണം.
മലപ്പട്ടത്ത് നടന്ന സ്വീകരണ പൊതുയോഗത്തിൽ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പങ്കെടുത്തു. കുറ്റ്യാട്ടൂർ, മയ്യിൽ, നണിയൂർനമ്പ്രം, കമ്പിൽ, നാറാത്ത്, കാട്ടാമ്പള്ളി, പുതിയതെരു, പാപ്പിനിശ്ശേരി, വളപട്ടണം , വൻകുളത്ത് വയൽ, അലവിൽ, ചാലാട് എന്നിവിടങ്ങളിലും കെ സുധാകരൻ സന്ദർശനം നടത്തി.