ഭോപ്പാല്‍: മഹാത്മ ഗാന്ധിയുടെ ഘാതകന് ഗോഡ്സെ രാജ്യസ്നേഹിയായിരുന്നുവെന്ന വിവാദ പരാമര്‍ശത്തില്‍ രാജ്യത്താകെ പ്രതിഷേധം കനക്കുന്നു. ബി.ജെ.പി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളിക്കുകയാണ്. ഇതിന് പിന്നാലെപ്രജ്ഞ സിങ് താക്കൂറിന്റെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി. ഭോപ്പാലില്‍ നിന്നാണ് പ്രജ്ഞ മത്സരിക്കുന്നത്.
പ്രജ്ഞയെ പിന്തുണച്ച് രംഗത്തെത്തിയ കേന്ദ്രമന്ത്രി അനന്ദ് ഹെഗ്ഡെയും കര്‍ണാടകയിലെ ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീലും ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് കേന്ദ്രമന്ത്രി നല്‍കിയിരിക്കുന്ന വിശദീകരണം.
രാജ്യസ്നേഹി പരാമര്‍ശം വിവാദമായതോടെ മാപ്പു പറഞ്ഞ് പ്രജ്ഞ രംഗത്ത് വന്നിരുന്നു. രാജ്യത്തിന് വേണ്ടി ഗാന്ധിജി ചെയ്ത കാര്യങ്ങള്‍ മറക്കാന്‍ കഴിയില്ലെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും പ്രജ്ഞ പറഞ്ഞു.
ഗോഡ്സേ തീവ്രവാദിയാണെന്ന കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗാന്ധി ഘാതകനെ പിന്തുണച്ചുകൊണ്ട് പ്രജ്ഞ രംഗത്തെത്തിയത്. ഗോഡ്സേ രാജ്യസ്നേഹിയാണെന്നും ഭീകരന് എന്നു വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും പ്രജ്ഞ പറഞ്ഞു. ഗോഡ്സെയെ ഭീകരനെന്ന് വിളിച്ചവര്‍ക്ക് തെരഞ്ഞടുപ്പില്‍ ജനം മറുപടി നല്‍കുമെന്നുമായിരുന്നു പ്രജ്ഞയുടെ വാക്കുകള്‍.