സി.പി.എമ്മിനെ കൈവിട്ട് ന്യൂനപക്ഷം; എട്ടിടങ്ങളില്‍ പരാജയം ഉറപ്പിച്ചതിന് പിന്നാലെ ബി.ജെ.പി വോട്ടുമറിച്ചെന്ന് പറഞ്ഞ് പരിഹാസ്യരായി പാര്‍ട്ടി നേതാക്കള്‍

Friday, April 26, 2019

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നിന്നുവെന്ന് സമ്മതിച്ച് സി.പി.എം കണക്കുകള്‍. ന്യൂനപക്ഷ ഏകീകരണത്തിലും, ശക്തമായ അടിയൊഴിക്കിലും സംസ്ഥാനത്തെ എട്ടു ലോക്സഭാ മണ്ഡലങ്ങളിലടക്കം കോണ്‍ഗ്രസ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന വിലയിരുത്തലാണ് സി.പി.എമ്മിനെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. എന്നാല്‍ പരാജയം മുന്നില്‍കണ്ട് ബി.ജെ.പി യു.ഡി.എഫിന് വോട്ടുമറിച്ചെന്ന പരിഹാസ്യമായ ആരോപണവുമായി തടിയൂരാനാണ് സി.പി.എം ശ്രമം.

ഇന്ന് തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബൂത്തുതലം മുതലുള്ള കണക്കുകള്‍ വിലയിരുത്തി. ഇടതുമുന്നണിയുടെ അഭിമാന പോരാട്ടം നടന്ന പല മണ്ഡലങ്ങളിലും അവസാന നിമിഷം അടിയൊഴുക്കുണ്ടായെന്നാണ് ബൂത്ത് തലത്തില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന.

കാസര്‍കോട്, കണ്ണൂര്‍, വടകര, ആലത്തൂര്‍, മാവേലിക്കര, കൊല്ലം, കോഴിക്കോട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് സി.പി.എമ്മിന് ആശങ്കയുള്ളത്. കണ്ണൂരില്‍ യു.ഡി.എഫ് കോട്ടകളില്‍ ഉണ്ടായ പോളിങ്ങ് വര്‍ധനവ് സുധാകരന് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ സഹായിക്കുമെന്നും ഇവിടെ ശ്രീമതിക്ക് പ്രതീക്ഷ വേണ്ട എന്നുമാണ് കണ്ണൂര്‍ മണ്ഡലം കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടെന്നാണ് സൂചന.