അയ്യപ്പന്‍റെ പേരില്‍ തന്നെ വോട്ട് ചോദിക്കുമെന്ന് ആവര്‍ത്തിച്ച് ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്‍. അയ്യന്‍റെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ നടപടി വിവരക്കേടാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റി. ഇത് തുറന്നുകാട്ടുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും ആരെതിര്‍ത്താലും ശബരിമലയുടെ പേരില്‍ തന്നെ വോട്ട് തേടുമെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ത്താലും ശബരിമല പ്രചാരണവിഷയമാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ല. അയ്യന്‍റെ പേരില്‍ വോട്ട് ചോദിക്കുന്നതില്‍ എന്തു നടപടി വന്നാലും നേരിടുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതലയുള്ള തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമ നോട്ടീസയച്ചത്. സുരേഷ് ഗോപി 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നൽകണം. ശ
കഴിഞ്ഞ ദിവസം തേക്കിൻകാട് മൈതാനത്ത് നടന്ന എൻ.ഡി.എ കണ്‍വൻഷനിൽ വച്ചാണ് സുരേഷ് ഗോപി വിവാദ പ്രസംഗം നടത്തിയത്. ശബരിമല വിഷയത്തിലാണ് താൻ വോട്ട് അപേക്ഷിക്കുന്നത്. അയ്യൻ വികാരമാണെങ്കില്‍ ഈ കിരാത സർക്കാരിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ അയ്യന്‍റെ ഭക്തർ നൽകും. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിപ്പിച്ചിരിക്കുമെന്നുമാണ് സുരേഷ് ഗോപി കൺവെൻഷനിൽ പ്രസംഗിച്ചത്.