ബിജെപി ദക്ഷിണേന്ത്യയിൽ ആധിപത്യമുറപ്പിക്കാതിരിക്കാനാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി വയനാടിനെ തെരെഞ്ഞെടുത്തതും അതു കൊണ്ടുകൂടിയാണ്.
കേരളത്തിലും ഇന്ത്യയിലും ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയം രാഹുലിന്റെ സ്ഥാനാർത്ഥിത്വമാണ്. ഇതിനെതിരായ സി.പി.എമ്മിന്റെ വിമർശനം തരംതാഴ്ന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രിയായ നരേന്ദ്രമോദി ചില സംസ്ഥാനങ്ങൾക്കെതിരെയും പ്രദേശങ്ങൾക്കെതിരെയും വിവേചനം കാട്ടുകയാണ്. ദക്ഷിണേന്ത്യയിൽ ബി.ജെ.പിയുടെ സാന്നിധ്യം പൂർണ്ണമായും ഒഴിവാക്കാനാണ് മത്സരമെന്നും -അദ്ദേഹം പറഞ്ഞു.
മോദി സോമാലിയ എന്നാക്ഷേപിച്ച കേരളത്തിലെ ഏറ്റവും വികസനം കുറഞ്ഞ സ്ഥലമാണ് വയനാട്. അവിടെ എല്ലാ വിഭാഗത്തിൽ പെട്ട ആളുകളുമുണ്ട്. രാഹുലിന്റെ മത്സരം ബി.ജെ.പിക്കെതിരെയാണെന്നും അമേഠിയിൽ ഇത്തവണയും അതുണ്ട്. രാഹുലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള സി.പി.എമ്മിന്റെ വിമർശനം തരംതാഴ്ന്നതാണ്. ബി.ജെ.പിയുടെ വാക്കുകൾ കടമെടുത്താണ് സി.പി.എമ്മിന്റെ അപമാനം. അതിന് ഉചിതമായ മുപടിയാണ് രാഹുലിന്റേത്. ജനാധിപത്യത്തിന് ആവശ്യം ഇത്തരം മറുപടിയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് രാഷ്ട്രീയമായ മുന്നേറ്റം നടത്താൻ ഇത്തവണയും ബിജെപിക്കാവില്ല. തിരുവനന്തപുരത്ത് ശശി തരൂർ ജയിക്കുമെന്നു പറഞ്ഞ അദ്ദേഹം കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരായ കോഴയാരോപണവും നിഷേധിച്ചു. രാഘവൻ എന്തിന് പണം വാങ്ങിയെന്ന തെളിവ് പുറത്തു വിടട്ടെയെന്നും സത്യ പുറത്തുകൊണ്ടുവരാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി