പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍റെ സ്ഥാനാർത്ഥിത്വം; കടുത്ത അമർഷം പുറത്തു കാട്ടാതെ ശ്രീധരൻ പിള്ളയും കൃഷ്ണദാസും, മുരളീധരപക്ഷം സീറ്റ് പിടിച്ചെടുത്തുവെന്ന് കൃഷ്ണദാസ് പക്ഷത്തിന്‍റെ പൊതുവികാരം

Jaihind Webdesk
Saturday, March 23, 2019

തിരുവനന്തപുരം: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍റെ സ്ഥാനാർത്ഥിത്വത്തിൽ കൃഷ്ണദാസ് പക്ഷത്തിന് കടുത്ത അമർഷം. സ്ഥാനാർത്ഥി നിർണയ ചർച്ചകളുടെ തുടക്കം മുതൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരൻ പിള്ളയ്ക്ക് സീറ്റ് നൽകണമെന്ന വാദമാണ് കൃഷ്ണദാസ്പക്ഷം മുന്നോട്ടു വെച്ചിരുന്നത്. തൃശൂർ സീറ്റ് സുരേന്ദ്രന് നൽകി പത്തനംതിട്ട ശ്രീധരൻ പിള്ളയ്ക്ക് നൽകണമെന്നായിരുന്നു കൃഷ്ണദാസ് പക്ഷത്തിന്‍റെ ആവശ്യം.

ശബരിമല വിഷയത്തിൽ സാമുദായിക സംഘടനകളുടെ പിന്തുണ ശ്രീധരൻ പിള്ളയ്ക്കുണ്ടെന്നുമായിരുന്നു കൃഷ്ണദാസ് പക്ഷത്തിന്‍റെ വാദം. എന്നാൽ ഇതെിനെയൊക്കെ നിഷ്പ്രഭമാക്കിയാണ് സുരേന്ദ്രനു വേണ്ടി മുരളീധരപക്ഷം സീറ്റിൽ പിടിമുറുക്കിയത്. ഇതിനായി ബി.ജെ.പി ദേശീയ നേതൃത്വത്തിനുമേൽ സമ്മർദ്ദം കടുപ്പിച്ചിരുന്നു. പത്തനംതിട്ടയിൽ തനിക്ക് സ്ഥാനാർത്ഥിത്വം നൽകിയില്ലെങ്കിൽ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുമെന്നും സുരേന്ദ്രൻ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ കൃഷ്ണദാസ് പക്ഷത്തുനിന്നും ശ്രീധരൻ പിള്ളയ്ക്ക് പുറമേ എം.ടി രമേശിനെ കൂടി പരിഗണിക്കണമെന്ന ആവശ്യമുയർന്നതോടെ സ്ഥാനാർത്ഥി നിർണയം അനിശ്ചതത്വത്തിലായി. തുടർന്ന് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഫേസ്ബുക്ക് പേജിലടക്കം സുരേന്ദ്രന് വേണ്ടി മുറവിളി ഉയർന്നു. ഇതിനായി മുരളീധര പക്ഷം സംഘടിത നീക്കം നടത്തിയെന്നാണ് കൃഷ്ണദാസ് പക്ഷവും ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള മൂന്നാം ഗ്രൂപ്പും വിലയിരുത്തുന്നത്. തങ്ങളുടെ കൈവശമുണ്ടായിരുന്ന പത്തനംതിട്ട മണ്ഡലം മുരളീധരപക്ഷം തട്ടിയെടുത്തുവെന്ന പൊതുവികാരവും കൃഷ്ണദാസ് പക്ഷം മുന്നോട്ടുവെക്കുന്നു.

അനിശ്ചിതത്വം അവസാനിപ്പിച്ച് പത്തനംതിട്ടയിലെ സ്ഥാനാർത്ഥി നിർണ്ണയം പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ആർ.എസ്.എസും ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് അന്ത്യശാസനം നൽകിയിരുന്നു. ഇതിന്‍റെ മറപറ്റി സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം കേന്ദ്രനേതൃത്വം എടുത്തെങ്കിലും ആർ.എസ്.എസിലെ പ്രമുഖ വിഭാഗത്തിനും ഇതിൽ അതൃപ്തിയുണ്ടെന്നുള്ള വിവരങ്ങളാണ് നിലവിൽ പുറത്തു വരുന്നത്. സുരേന്ദ്രൻ ജനകീയനാണെന്ന പരസ്യപ്രസ്താവന ശ്രീധരൻ പിള്ള നടത്തിയത് കേന്ദ്രനേതൃത്വത്തിന്റെ സമ്മർദ്ദത്തിന്‍റെ ഫലമായിട്ടാണെന്നും പിള്ള- കൃഷ്ണദാസ് വിഭാഗത്തിലെ നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു. സ്ഥാനാർത്ഥി നിർണയം പൂർത്തിയായെങ്കിലും ഗ്രൂപ്പ് പോരും മുതിർന്ന നേതാക്കൾ തമ്മിലുള്ള ഭിന്നതയും പത്തനംതിട്ടയിൽ ബി.ജെ.പിയുടെ പരാജയം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.