നീരവ് മോദിക്കെതിരെ ലണ്ടൻ കോടതിയുടെ അറസ്റ്റ് വാറണ്ട്

Jaihind Webdesk
Tuesday, March 19, 2019


വായ്പാ തട്ടിപ്പ് കേസിൽ വിവാദ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ ലണ്ടൻ കോടതിയുടെ അറസ്റ്റ് വാറണ്ട്. എൻഫോസ്‌മെന്റ് ഡയറക്ടറുടെ ആവശ്യപ്രകാരമാണ് നടപടി. ഈ മാസം 25 ന് മോദിയെ കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്.

വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് നീരവിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്. നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നൽകിയിയത്. വരും ദിവസങ്ങളിൽ എപ്പോൾ വേണമെങ്കിലും നീരവിനെ അറസ്റ്റ് ചെയ്യുമെന്നാണു ലഭിക്കുന്ന വിവരം. യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവീദാണ് ഇന്ത്യയുടെ അപേക്ഷയിൽ ഒപ്പു വച്ചിരിക്കുന്നത്. അറസ്റ്റിന് ശേഷം കേസിന്റെ വിചാരണ തുടങ്ങും.അതേസമയം കോടതി ഉത്തരവിടുകയാണെങ്കിൽ നീരവ് മോദിയെ യുകെ ഇന്ത്യയ്ക്കു കൈമാറും. എന്നാൽ ഉത്തരവിനെതിരെ നീരവിന് അപ്പീൽ പോകാൻ സാധിക്കും. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുൽ ചോക്‌സിയും. കഴിഞ്ഞ വർഷം ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു. ഇതിനുശേഷമാണു കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചത്.ലണ്ടനിലെ തെരുവിലൂടെ നീരവ് മോദി സ്വതന്ത്രനായി നടക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു നീരവിന്റെ മറുപടി. ലണ്ടനിലെ സോഹോയിൽ നീരവ് മോദി പുതിയ വജ്രവ്യാപാരം ആരംഭിച്ചതായും ബ്രിട്ടീഷ് മാധ്യമം
റിപ്പോർട്ട് ചെയ്തിരുന്നു.