പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ‘ഇന്ത്യയുടെ ജലമനുഷ്യന്’ എന്നറിയപ്പെടുന്ന രാജേന്ദ്ര സിംഗ്. ഗംഗാ നദി ശുദ്ധീകരണത്തില്‍ മോദി വഞ്ചനാപരമായ നിലപാടാണ് എടുത്തതെന്ന് രാജേന്ദ്രസിംഗ് പറഞ്ഞു.
2013 ല്‍ ഗംഗയുടെ പുത്രനാണ് താന്‍ എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ആളാണ് മോദി. അങ്ങിനെയെങ്കില്‍ തന്റെ മാതാവിനെ വഞ്ചിക്കുകയാണ് മോദി ചെയ്തത്. തന്നെ വഞ്ചിച്ച നരേന്ദ്ര മോദിക്ക് ഗംഗാ നദി ഇനി പ്രധാനമന്ത്രിയായി രണ്ടാമൂഴം നല്‍കില്ലെന്നും രാജേന്ദ്രസിംഗ് പറഞ്ഞു.
“മൂന്ന് മാസം കൊണ്ട് ഗംഗാശുചീകരണം നടപ്പിലാക്കുമെന്ന് മോദി ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ സമരം അവസാനിപ്പിക്കാന്‍ തയാറായത്. എന്നാല്‍ അധികാരത്തിലെത്തി അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടും മോദി വാക്ക് പാലിച്ചില്ല. മോദി വാക്കുകള്‍ കൊണ്ട് മായാജാലം തീര്‍ക്കും. പക്ഷെ നുണയനാണ്” – രാജേന്ദ്രസിംഗ് പറയുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലും മോദിയുടെ പ്രവര്‍ത്തനം നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ തെറ്റായ തീരുമാനങ്ങള്‍ കാരണം ഗുജറാത്തിലെ സൌരാഷ്ട്ര പ്രദേശം രാസമേഖലയായി മാറി. ഇതിലൂടെ ഏറ്റവും വലിയ മലിനീകാരിയായി മോദി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജലസംരക്ഷണം എന്ന ആശയം മുന്‍നിര്‍ത്തി മലിനീകരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന രാജേന്ദ്രസിംഗ് ഇന്ത്യയുടെ ജലമനുഷ്യന് എന്നാണ് അറിയപ്പെടുന്നത്. 2001ല്‍ മാഗ്സസെ പുരസ്കാരവും 2015ല്‍ സ്റ്റോക്ഹോം വാട്ടര്‍ പ്രൈസും നേടിയിട്ടുണ്ട്.