മോദിഭരണത്തിന് അന്ത്യംകുറിക്കാൻ ജനമഹായാത്ര

Jaihind Webdesk
Saturday, February 2, 2019

Mullappally-Janamahayatra

രാജ്യമെങ്ങും നിലയ്ക്കാത്ത നിലവിളികൾ ഉയരുന്ന കാലഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏകാധിപത്യ ഭരണത്തിൽ ഞെരിഞ്ഞമർന്ന നാടും ജനങ്ങളും. അതിൽ നിന്നു മോചനം ലക്ഷ്യമിട്ടാണ് ജനമഹായാത്ര നടത്തുന്നത്.

ഏതാനും നാളുകൾക്കു മുമ്പ് സ്വാശ്രയക്കൊള്ളയുടെ രക്തസാക്ഷി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ ഹൃദയഭേദകമായ നിലവിളി നാം കേട്ടു. ”അമ്മയാണ്.. ഞാനൊരു അമ്മയാണ്..” എന്ന നിലവിളി. പിണറായിയുടെ ബധിരകർണങ്ങൾ അതു കേട്ടില്ല. ആദിവാസി യുവാവ് മധുവിന്റെയും യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെയും നെയ്യാറ്റിൻകര സ്വദേശി സനലിന്റെയും വരാപ്പുഴ ശ്രീജിത്തിന്റെയും നിലവിളികൾ നമ്മുടെ ഹൃദയത്തെ പിളർത്തിയതാണ്. കിരാത ഭരണത്തിൽ തകർന്ന കർഷകരുടെയും ചെറുകിട സംരംഭകരുടെയും സ്ത്രീകളുടെയും പ്രളയബാധിതരുടെയും തൊഴിൽരഹിതരുടെയും കണ്ണീർത്തടങ്ങൾ നമുക്കു ചുറ്റുമുണ്ട്.

തൊഴിലില്ലായ്മ കുതിക്കുന്നു
പ്രതിവർഷം 2 കോടി യുവാക്കൾക്ക് തൊഴിൽ നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി, ഉള്ള തൊഴിലുകൾ കൂടി ഇല്ലാതാക്കി. രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ദേശീയ സാമ്പിൾ സർവെയുടെ പൂഴ്ത്തിവച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. തൊഴിലില്ലായ്മ 6.1 ശതമാനമായി കുതിച്ചു കയറി. സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ അനുമതി നല്കി രണ്ടു മാസം കഴിഞ്ഞിട്ടും കേന്ദ്രസർക്കാർ റിപ്പോർട്ട് പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് ആക്ടിംഗ് ചെയർമാൻ പി.സി. മോഹനൻ, അംഗം ജെ.വി. മീനാക്ഷി എന്നിവർ രാജിവയ്ക്കുകയും ചെയ്തു. നോട്ടുനിരോധനത്തെ തുടർന്ന് കർഷകരും ചെറുകിട സംരംഭകരും കുത്തുപാളയെടുത്തു. കാർഷികോല്പന്നങ്ങൾക്ക് ചെലവു കഴിഞ്ഞ് 50 ശതമാനം ലാഭം ഉറപ്പാക്കുമെന്ന മോദിയുടെ വാഗ്ദാനം വെറും പാഴ്‌വാക്കായി. കർഷകരുടെ രോഷാഗ്നിയിൽ പല സംസ്ഥാനങ്ങളിലും ബിജെപി കരിഞ്ഞുപോയി. രാജ്യവ്യാപകമായി കർഷക പ്രക്ഷോഭം അലയടിക്കുന്നു.

കാവൽക്കാരനല്ല കൊള്ളക്കാരൻ
നിങ്ങൾ രാജ്യത്തിന്റെ കാവൽക്കാരനല്ല, കൊള്ളക്കാരനാണെന്ന് രാഹുൽ ഗാന്ധി മുഖത്തുനോക്കി വിളിച്ചിട്ടും മോദിക്ക് പ്രതികരണമില്ല. റഫാൽ യുദ്ധവിമാന ഇടപാടിൽ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി നടത്തിയിട്ട് അതിനെ വെള്ളപൂശാൻപോലും മോദിക്കു കഴിയുന്നില്ല. 41,000 കോടി രൂപയാണ് ഈ ഇടപാടിൽ രാജ്യത്തിനു നഷ്ടപ്പെട്ടത്. 30,000 കോടി രൂപ നേരേ പോയത് അനിൽ അംബാനിയുടെ കീശയിലേക്ക്. റഫാൽ ഇടപാടു നടന്ന ഫ്രാൻസ് സന്ദർശനത്തിന് പ്രതിരോധമന്ത്രിക്കു പകരം പ്രധാനമന്ത്രി കൊണ്ടുപോയത് അനിൽ അംബാനിയെയാണ്. ഇന്ത്യയിൽ അനിൽ അംബാനി ഉൾപ്പെടുന്ന അതിസമ്പന്നർ കൊഴുത്തു വളരുകയാണെന്ന ഓക്‌സ്ഫാം റിപ്പോർട്ടും ഇതോടൊപ്പം കൂട്ടിവായിക്കണം. ജനസംഖ്യയുടെ പത്തു ശതമാനം വരുന്ന താഴെത്തട്ടിലുള്ള 13.6 കോടി ജനങ്ങൾ കടക്കെണിയിലുമായി. ശതകോടികൾ വെട്ടിച്ച വിജയ് മല്യ, ലളിത് മോദി, നീരവ് മോദി തുടങ്ങിയ കോർപറേറ്റ് ഭീമന്മാർ ഭരണകക്ഷിയുടെ സംരക്ഷണത്തിൽ വിദേശത്തേക്ക് ഒളിച്ചുകടന്നു, 15 വമ്പൻ വ്യവസായികളുടെ മൂന്നരലക്ഷം കോടി രൂപ മോദി എഴുതിത്തള്ളി. സ്യൂട്ടും ബൂട്ടും ഉള്ളവരുടേതു മാത്രമാണ് ഈ സർക്കാരെന്നു എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത് എത്ര ശരിയാണ്.

തൊഴിലില്ലായ്മ കുതിക്കുന്നു
പ്രതിവർഷം 2 കോടി പേർക്ക് തൊഴിൽ നല്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ മോദി ഉള്ള തൊഴിലുകൾ കൂടി ഇല്ലാതാക്കി. രാജ്യത്തെ തൊഴിലില്ലായ്മ 45 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ദേശീയ സാമ്പിൾ സർവെയുടെ പൂഴ്ത്തിവച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. തൊഴിലില്ലായ്മ 6.1% മായി കുതിച്ചു കയറി. സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ അനുമതി നല്കി രണ്ടു മാസം കഴിഞ്ഞിട്ടും കേന്ദ്രസർക്കാർ റിപ്പോർട്ട് പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് ആക്ടിംഗ് ചെയർമാൻ പി.സി. മോഹനൻ, അംഗം ജെ.വി. മീനാക്ഷി എന്നിവർ രാജിവയ്ക്കുകയും ചെയ്തു. നോട്ടുനിരോധനത്തെ തുടർന്ന് കർഷകരും ചെറുകിട സംരംഭകരും തൊഴിലില്ലാപ്പടയിലേക്കു വലിച്ചെറിയപ്പെട്ടു. കാർഷികോല്പന്നങ്ങൾക്ക് ചെലവു കഴിഞ്ഞ് 50 ശതമാനം ലാഭം ഉറപ്പാക്കുമെന്ന മോദിയുടെ വാഗ്ദാനം വെറും പാഴ്‌വാക്കായി. കർഷകരുടെ രോഷാഗ്നിയിൽ പല സംസ്ഥാനങ്ങളിലും ബിജെപി കരിഞ്ഞുപോയി. രാജ്യവ്യാപകമായി കർഷക പ്രക്ഷോഭം അലയടിക്കുന്നു.

വിഭജിക്കുക ഭരിക്കുക
ബുദ്ധിജീവികളെയും സാംസ്‌കാരിക പ്രവർത്തകരെയും കൊന്നൊടുക്കിയാണ് ജർമനിയിലും ഇറ്റലിയിലും സ്‌പെയിനിലുമൊക്കെ ഫാസിസ്റ്റുകൾ കടന്നുവന്നത്. വംശീയതയുടെ ആചാര്യൻ ഹിറ്റ്‌ലറെയാണ് നാം ഇപ്പോൾ ഇന്ത്യൻ ഭരണാധികാരികളിൽ കാണുന്നത്. എം.എം കൽബുർഗി, നരേന്ദ്ര ധബോൽക്കർ, ഗൗരി ലങ്കേഷ്, ഗോവിന്ദ് പൻസാരെ തുടങ്ങിയ ബുദ്ധിജീവികൾ മോദി ഭരണത്തിൽ കശാപ്പ് ചെയ്യപ്പെട്ടു. കശാപ്പുനിയന്ത്രണ നിയമം സംഘപരിവാരങ്ങൾ കയ്യിലെടുത്തപ്പോൾ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട 25 പേർ ഉൾപ്പെടെ 30 പേർക്ക് ജീവൻ നഷ്ടമായി. അയോധ്യയിലെ ക്ഷേത്രനിർമാണം വീണ്ടും പൊടിതട്ടിയെടുത്ത് വർഗീയത ആളിക്കത്തിക്കാനാണ് സംഘപരിവാരങ്ങളുടെ ശ്രമം. ശബരിമല ദേശീയ വിഷയമാക്കിയതിന്റെ പിന്നിലും ഇതേ അജൻഡയാണുള്ളത്.

കാളവണ്ടി ജാഥ, അടുപ്പുകൂട്ടി സമരം, ഇരുചക്രവാഹനം ഉരുട്ടൽ തുടങ്ങി എന്തൊക്കെ തള്ളുകളാണു ബിജെപി പെട്രോൾ വില വർധനവിനെതിരേ നടത്തിയത്. പെട്രോൾ വില 87.39 രൂപയും ഡീസൽ വില 80.74 രൂപയുമായി സർവകാല റിക്കാർഡിട്ടപ്പോൾ, ബിജെപിക്കാരെ കാണാനില്ല. അന്തർദേശീയ വിപണയിൽ അസംസ്‌കൃത എണ്ണയുടെ വില വളരെ താഴ്ന്നു നിന്നപ്പോഴാണ് ഇന്ത്യയിൽ ഇത്രയധികം വില ഈടാക്കിയത്. കേന്ദ്രസംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന കൊള്ളനികുതിയാണ് അമിതവിലയ്ക്കു കാരണം. സുപ്രീം കോടതി, സിബിഐ, പ്ലാനിംഗ് കമ്മീഷൻ, ഇന്ത്യൻ പാർലമെന്റ് തുടങ്ങിയ നിരവധി ഭരണഘടനാ സ്ഥാപനങ്ങളാണ് മോദി ഭരണത്തിൽ നിരായുധരാക്കപ്പെട്ടത്. പാർലമെന്റിൽ വളരെ വിരളമായി എത്തുന്ന ദേശാടനക്കിളിയാണു പ്രധാനമന്ത്രി!

കേരളത്തെ വിഭജിച്ചു
മോദി ഇന്ത്യയെ വിഭജിച്ചപ്പോൾ, പിണറായി കേരളത്തെ വിഭജിച്ചു. ശബരിമല ഒരു നിമിത്തമായെന്നു മാത്രം. വടി കൊടുത്ത് അടിവാങ്ങുകയാണ് അവർ ശബരിമലയിൽ ചെയ്തത്. വിശ്വാസ സംരക്ഷണത്തിനുവേണ്ടി യുഡിഎഫ് സർക്കാർ നല്കിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ തിരുത്തി നല്കിയാണ് ഇടതുസർക്കാർ വിശ്വാസികളെ അടിച്ചത്. ഉടനടി സ്ത്രീകളെ സന്നിധാനത്ത് എത്തിക്കാനുള്ള മുഖ്യമന്ത്രിയുടെ അത്യുത്സാഹം കേരളത്തെ കലാപഭൂമിയാക്കി. അർധരാത്രിയിൽ അവിശ്വാസികളെ വിശ്വാസികളാക്കിയും ആണിനെ പെണ്ണാക്കി കോടതിയിൽ ലിസ്റ്റ് നല്കിയുമാണ് ശബരിമലയിൽ കോടതിവിധി നടപ്പാക്കിയത്. ശബരിമലയുടെ പേരിൽ ബിജെപി നാലു മാസത്തിനുള്ളിൽ 6 ഹർത്താലുകൾ നടത്തി കേരളത്തെ വീർപ്പുമുട്ടിച്ചു. സിപിഎമ്മിനും ബിജെപിക്കും ശബരിമല ഇന്ന് വിശ്വാസത്തിന്‍റെ പൂങ്കാവനമല്ല മറിച്ച് രാഷ്ട്രീയ ആയുധവും സുവർണാവസരവുമാണ്.

2018ൽ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു കേരളത്തെ മുക്കിയ പ്രളയം. എന്നാൽ, പിണറായി സർക്കാരിന് ഇതൊന്നും ഒരു സംഭവമേയല്ല. അവർ വനിതാമതിൽ കെട്ടാനും വ്യാജ നവോത്ഥാനം സൃഷ്ടിക്കാനും മന്ത്രി ജലീലിനെ സംരക്ഷിക്കാനും പോയപ്പോൾ ദുരിതബാധിതർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. ധനസഹായത്തിനായി അവർ സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുന്നു. ഇതുവരെ ഒരു വീടുപോലും വച്ചുകൊടുക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. ഓഖി പുനരധിവാസ പ്രവർത്തനങ്ങളിലെ ഗുരുതരമായ വീഴ്ചയ്‌ക്കെതിരേ ബന്ധപ്പെട്ടവർ തന്നെ സർക്കാരിനെതിരേ തുറന്നടിച്ചു.

ശശിയും ശശീന്ദ്രനും
സ്ത്രീത്വത്തിനു നേരേ ഉയരുന്ന കരങ്ങൾ ഏതു പ്രബലന്‍റേതാണേലും പിടിച്ചുകെട്ടും എന്ന പ്രഖ്യാപനം എന്തായാലും മുഖ്യമന്ത്രി ഇപ്പോൾ ഓർക്കാൻ ഇടയില്ല. പീഡനപരാതിയിൽ സിപിഎം എംഎൽഎ പി.കെ. ശശിയെ സർക്കാർ കണ്ണുംപൂട്ടി സംരക്ഷിച്ചു. മന്ത്രി എ.കെ. ശശീന്ദ്രനെ വെള്ളപൂശി തിരിച്ചെടുത്തു. സിപിഎം പ്രവർത്തകർ ഉൾപ്പെട്ടെ പീഡനപരാതികളാണ് എവിടെയും കേൾക്കുന്നത്. ബാറുകളൊന്നും തുറക്കില്ലെന്ന് പരസ്യം ചെയ്ത് അധികാരത്തിലേറിയ ഇടതുസർക്കാർ തുറന്നുകൊടുത്തത് 430 ബാറുകളും 400 ബിയർ വൈൻ പാർലറുകളുമാണ്. 18 വർഷമായി തുടരുന്ന അബ്കാരി നയം മന്ത്രിസഭപോലും അറിയാതെ മാറ്റിയാണ് ഇഷ്ടക്കാർക്ക് ബ്രുവറിയും ഡിസ്റ്റിലറിയും അനുവദിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടൽ മൂലമാണ് ഈ വമ്പൻ അഴിമതി നടക്കാതെ പോയത്.

വൈക്കം ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ്, പിണറായിയെ പിടികൂടിയിരിക്കുന്നു. ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനമാമാങ്കം നടത്തുക എന്നതു മാത്രമാണ് 1000 ദിവസത്തെ അവരുടെ നേട്ടം. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, കൊല്ലം ബൈപാസ് തുടങ്ങിയ പദ്ധതികൾ മോദിയും പിണറായിയും മത്സരിച്ച് ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികളെല്ലാം യുഡിഎഫിന്റേതാണ്. അതിന്റെ പിതൃസ്ഥാനീയനായ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഈ പരിപാടികളിലേക്കു ക്ഷണിക്കാനുള്ള സാമാന്യമര്യാദപോലും സർക്കാൽ കാണിച്ചില്ല. അന്നത്ത ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായി വലിഞ്ഞു കയറി കുമ്മനടി എന്നൊരു പദപ്രയോഗം തന്നെ സംഭാവന ചെയ്തു. ഒരു പുതിയ പദ്ധതിക്ക് തറക്കല്ലിടാൻ പിണറായി സർക്കാരിനു സാധിച്ചിട്ടില്ല. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ ഇ. ശ്രീധരനോടുള്ള വിരോധത്തിന്റെ പേരിൽ മാത്രം ഉപേക്ഷിക്കുകയും ചെയ്തു.

ഇനി രാഹുൽ യുഗം
അധികാരവും സമ്പത്തും പതിനായിരക്കണക്കിനു സൈബർ പോരാളികളുമുള്ള മോദി ഗോലിയാത്തിനെപ്പോലെ തെരഞ്ഞെടുപ്പു ഗോദയിൽ നില്കുമ്പോൾ, ദാവീദിനെപ്പോലെ രാഹുലിന്റെ കയ്യിലുള്ളത് ഇന്ത്യയെ കണ്ടെത്തിയ ഒരു മനസുമാത്രമാണ്. രാജ്യത്തിനുവേണ്ടി ഏറ്റവും വലിയ ത്യാഗങ്ങൾ സഹിച്ചിട്ടുള്ള നെഹ്രു കുടുംബത്തിലെ ഇളയ കണ്ണിളായ രാഹുലും പ്രിയങ്കയും ഇന്ന് ജ്വലിക്കുന്ന ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകമാണ്. ഗാന്ധിജിയുടെ ന•കളും നെഹ്രു കുടുംബത്തിന്റെ ധിഷണാശക്തിയും ഇവരിൽ കാണാം. ”മരിക്കുന്നതുവരെ എന്റെ കാതും ഹൃദയവും നിങ്ങൾക്കായി തുറന്നുവച്ചിരിക്കും” എന്ന രാഹുൽ ഗാന്ധിയുടെ വാക്ക് വിദ്യുത്തരംഗം പോലെയാണ് രാജ്യം സ്വീകരിച്ചത്. ഇനി രാഹുൽ രാജ്യം നയിക്കും.

ജനമഹായാത്ര
ജനാധിപത്യ മതേതര വിശ്വാസികൾക്ക് മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുകയെന്നത് ചിന്തിക്കാൻ പോലുമാകില്ല. അത്രയധികം ദ്രോഹമാണ് അവർ രാജ്യത്തോടും ജനങ്ങളോടും ചെയ്തത്. മോദിയുടെ അതേ മാതൃകയിലുള്ള ഏകാധിപത്യ ശൈലിയുള്ള ഭരണമാണ് പിണറായി വിജയന്റേത്. ഇവർക്കെതിരേയുള്ള അതിശക്തമായ മുന്നേറ്റം ജനമഹായാത്രയിലൂടെ ഉണ്ടാകും. അതിന് എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണമേയെന്ന് സ്‌നേഹപൂർവം അഭ്യർത്ഥിക്കുന്നു.