
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക വഴിത്തിരിവ്. തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം (SIT) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ ഒരു അജ്ഞാത കേന്ദ്രത്തിൽ വെച്ച് അന്വേഷണസംഘം അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധമാണ് രാജീവരെ കുടുക്കിയത്.
ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് തട്ടിപ്പ് നടത്താന്‍ സഹായകരമായ രീതിയില്‍ വാതില്‍ തുറന്നു നല്‍കിയത് തന്ത്രിയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സ്വര്‍ണ്ണക്കടത്ത് നടത്തുന്ന വിവരം തന്ത്രിക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും ഇതില്‍ അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ദേവസ്വം ബോര്‍ഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്ന വ്യക്തി എന്ന നിലയില്‍ തന്ത്രി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. കേസിലെ പ്രധാന പ്രതിയായ പോറ്റിക്ക് മോഷണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തത് തന്ത്രിയാണെന്ന ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.