
ഭദ്രാപൂര്‍: നേപ്പാളിലെ ഭദ്രാപൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ ബുദ്ധ എയര്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നും 51 യാത്രക്കാരും നാല് ജീവനക്കാരുമായി എത്തിയ ടര്‍ബോപ്രോപ്പ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ നിന്ന് നിയന്ത്രണം വിട്ട വിമാനം ഏകദേശം 200 മീറ്ററോളം ദൂരേക്ക് തെന്നിനീങ്ങി ഒരു അരുവിക്ക് സമീപമാണ് നിന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
9N-AMF എന്ന രജിസ്ട്രേഷന് നമ്പറിലുള്ള ATR 72-500 വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് വിമാന ഗതാഗത ട്രാക്കറുകള്‍ സ്ഥിരീകരിച്ചു. അപകടത്തെത്തുടര്‍ന്ന് വിമാനത്തിന് ചെറിയ രീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് കാഠ്മണ്ഡുവില്‍ നിന്ന് സാങ്കേതിക വിദഗ്ധരും ദുരിതാശ്വാസ സംഘങ്ങളും എത്തിയതായും വിമാനം റണ്‍വേയില്‍ നിന്ന് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായും ബുദ്ധ എയര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
നേപ്പാളിലെ വ്യോമയാന സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്കയുയര്‍ത്തുന്നതാണ് ഈ സംഭവം. കഴിഞ്ഞ വര്‍ഷങ്ങളില്‍ നേപ്പാളിലുണ്ടായ വന്‍ വിമാനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഈ അപകടത്തെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. 2024 ജൂലൈയില്‍ കാഠ്മണ്ഡുവില്‍ സൗര്യ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 18 പേരും, 2023 ജനുവരിയില്‍ പൊഖാറയില്‍ യെതി എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 72 പേരും മരിച്ചിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ഭദ്രാപൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളും വിമാനത്തിന്റെ സാങ്കേതിക തകരാറുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.