‘മൻമോഹൻ സിംഗിനെ വേട്ടയാടി; പകരം വന്നത് തെമ്മാടി ഭരണകൂടം’: മോദി സർക്കാരിനെതിരെ പ്രശാന്ത് ഭൂഷൺ

Jaihind News Bureau
Monday, December 29, 2025

യുപിഎ സർക്കാരിന്റെ കാലത്ത് നടന്ന അഴിമതിവിരുദ്ധ സമരങ്ങളിൽ പങ്കാളിയായതിൽ തനിക്ക് ഖേദമുണ്ടെന്ന് മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കുന്നു. അന്നത്തെ സമരങ്ങൾ എൻ.ഡി.എ സർക്കാരിനെ അധികാരത്തിലെത്തിക്കാൻ സഹായിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മാന്യതയെയും എളിമയെയും ബലഹീനതയായി കണ്ടുകൊണ്ട് അദ്ദേഹത്തെ മനഃപൂർവ്വം അപകീർത്തിപ്പെടുത്തുകയായിരുന്നുവെന്നും, അതിന്റെ അനന്തരഫലമായാണ് ഇപ്പോഴത്തെ ‘തെമ്മാടി’ ഭരണകൂടം അധികാരത്തിൽ വന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

യുപിഎ കാലഘട്ടത്തിൽ 2ജി സ്പെക്ട്രം, കൽക്കരി അഴിമതി തുടങ്ങിയവ നടന്നിട്ടുണ്ടെന്ന യാഥാർത്ഥ്യം അദ്ദേഹം നിഷേധിക്കുന്നില്ല. എന്നാൽ ഇന്ന് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന അഴിമതിയും ഫാസിസവും യുപിഎ കാലത്തെക്കാൾ എത്രയോ മടങ്ങ് ഭീകരമാണെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന രീതിയിലുള്ള ഇപ്പോഴത്തെ ഭരണസംവിധാനം അധികാരത്തിലെത്താൻ തന്റെ മുൻകാല പ്രവർത്തനങ്ങൾ ഒരു കാരണമായതിലാണ് അദ്ദേഹം ഖേദം പ്രകടിപ്പിക്കുന്നത്.

ആം ആദ്മി പാർട്ടിയുടെ രൂപീകരണത്തെക്കുറിച്ചും കെജ്രിവാളിന്റെ നിലപാടുകളെക്കുറിച്ചും അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തി. സുതാര്യതയും സത്യസന്ധതയും പൊതുതാൽപ്പര്യവും മുൻനിർത്തിയാണ് ആം ആദ്മി പാർട്ടിക്ക് രൂപം നൽകിയതെങ്കിലും, കാലക്രമേണ അതൊരു സാധാരണ രാഷ്ട്രീയ പാർട്ടിയായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെജ്രിവാൾ പാർട്ടി തത്വങ്ങളെ വഞ്ചിച്ചുവെന്നും പ്രശാന്ത് ഭൂഷൺ ആരോപിക്കുന്നു.