‘ മോദി സർക്കാർ പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്നു; തീരുമാനങ്ങളെല്ലാം വൻകിട മുതലാളിമാർക്ക് വേണ്ടിയെന്നും മല്ലികാർജുൻ ഖാർഗെ

Jaihind News Bureau
Saturday, December 27, 2025

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടി പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്നതാണെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹിയിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിന്റെ തീരുമാനങ്ങളെല്ലാം വൻകിട മുതലാളിമാർക്ക് വേണ്ടിയുള്ളതാണെന്നും കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും ഇന്ന് വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കുക വഴി കേന്ദ്ര സർക്കാർ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് ചെയ്തത്. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികളിലൂടെ (SIR) ജനാധിപത്യ അവകാശങ്ങളെ തകർക്കാനാണ് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഗൂഢാലോചന നടത്തുന്നത്. വോട്ടുകൾ അനാവശ്യമായി നീക്കം ചെയ്യപ്പെടുന്നില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ക്രിസ്മസ് ദിനത്തിൽ നടന്ന അക്രമങ്ങൾ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായി ഖാർഗെ പറഞ്ഞു. ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ അദ്ദേഹം ശക്തമായ ഭാഷയിൽ അപലപിച്ചു. ആഗോളതലത്തിൽ ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് ഇത്തരം സംഭവങ്ങൾ വലിയ തിരിച്ചടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നടത്തിയ മികച്ച പ്രകടനത്തെ ഖാർഗെ അഭിനന്ദിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി കേരളമടക്കമുള്ള സംസ്ഥാനങ്ങൾ സജ്ജമാകണമെന്നും വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കാൻ ജനുവരി 5 മുതൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.