
കൊല്‍ക്കത്ത: ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം നേതാവും മുന്‍ എംപിയുമായ പി.കെ. ശ്രീമതിയുടെ ബാഗ് മോഷണം പോയി. കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ബാഗിലുണ്ടായിരുന്ന പണം, സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, സുപ്രധാന രേഖകള്‍ എന്നിവ നഷ്ടപ്പെട്ടതായാണ് വിവരം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു പി കെ ശ്രീമതി.
ചൊവ്വാഴ്ച രാത്രി കൊല്‍ക്കത്തയില്‍ നിന്ന് യാത്ര തിരിച്ച ശ്രീമതി, ഇന്ന് രാവിലെയാണ് ബാഗ് നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ബാഗ് തലയ്ക്കല്‍ സുരക്ഷിതമായി വെച്ചിരുന്നുവെന്നും എന്നാല്‍ ഉണര്‍ന്നപ്പോള്‍ ഇത് കാണാനില്ലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ബാഗില്‍ ഏകദേശം 40,000 രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും റെയില്‍വേ അധികൃതരില്‍ നിന്നും പൊലീസില്‍ നിന്നും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്ന് പി.കെ. ശ്രീമതി കുറ്റപ്പെടുത്തി. ട്രെയിനില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും, അപായ മണി വലിച്ചിട്ടും റെയില്‍വേ ജീവനക്കാരുടെ ഭാഗത്തുനിന്ന് സമയബന്ധിതമായ ഇടപെടല്‍ ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു. തന്റെ ബാഗ് കൂടാതെ മറ്റ് കമ്പാര്‍ട്ട്മെന്റുകളിലെ യാത്രക്കാരുടെ സാധനങ്ങളും സമാന രീതിയില്‍ നഷ്ടപ്പെട്ടതായി വിവരമുണ്ട്.