അസമില്‍ വീണ്ടും ആഭ്യന്തര സംഘര്‍ഷം: രണ്ട് മരണം; 58 പൊലീസുകാര്‍ക്ക് പരിക്ക്; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

Jaihind News Bureau
Tuesday, December 23, 2025

ഗുവാഹത്തി: അസമിലെ സ്വയംഭരണ പ്രദേശമായ കര്‍ബി ആംഗ്ലോങ് മേഖലയില്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധം വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ അക്രമസംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 58 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ കര്‍ബി ആംഗ്ലോങ്, വെസ്റ്റ് കര്‍ബി ആംഗ്ലോങ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ വിച്ഛേദിച്ചു.

സംഘര്‍ഷത്തിന് പിന്നില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് പ്രത്യേക സ്വയംഭരണ അവകാശമുള്ള ഈ പ്രദേശത്ത് വര്‍ഷങ്ങളായി താമസിക്കുന്ന നേപ്പാളി, ബീഹാര്‍ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രാദേശിക ഗോത്ര സംഘടനകള്‍ പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മേഖലയില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് ഇന്ന് വലിയ തെരുവുയുദ്ധത്തിലേക്ക് മാറിയത്. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ തീയിടുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ നടപടിക്കിടെയാണ് മരണങ്ങള്‍ സംഭവിച്ചത്.

സുരക്ഷ ശക്തമാക്കി സംഘര്‍ഷം പടരാതിരിക്കാന്‍ മേഖലയില്‍ വന്‍ പോലീസ് സന്നാഹത്തെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. കുടിയേറ്റക്കാരെ സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെങ്കിലും പ്രതിഷേധം അക്രമാസക്തമായത് സ്ഥിതി സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിലും മേഖലയില്‍ നിരോധനാജ്ഞ തുടരാനാണ് സാധ്യത.