
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ആവേശം ഇരട്ടിയാക്കി തലസ്ഥാനത്ത് അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് ആവേശം ഉയരുന്നു. ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി-20 പരമ്പരയിലെ നിര്‍ണ്ണായകമായ അവസാന മൂന്ന് മത്സരങ്ങള്‍ക്കായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സജ്ജമായി. ഡിസംബര്‍ 26, 28, 30 തീയതികളിലാണ് മത്സരങ്ങള്‍ നടക്കുക.
ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ വനിതാ ടീമും എതിരാളികളായ ശ്രീലങ്കന്‍ ടീമും നാളെ വൈകുന്നേരം 5:40-ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ വിജയികളെ നിര്‍ണ്ണയിക്കുന്നതില്‍ ഗ്രീന്‍ഫീല്‍ഡിലെ മത്സരങ്ങള്‍ നിര്‍ണ്ണായകമാകും. 25-ന് ഉച്ചയ്ക്ക് 2:00 മുതല്‍ 5:00 വരെ ശ്രീലങ്കന്‍ ടീമും, വൈകിട്ട് 6:00 മുതല്‍ രാത്രി 9:00 വരെ ഇന്ത്യന്‍ ടീമും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
വനിതാ ക്രിക്കറ്റിന് കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി വളരെ കുറഞ്ഞ നിരക്കിലാണ് ടിക്കറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും: 125 രൂപ
പൊതുജനങ്ങള്‍ക്ക് (ജനറല്‍): 250 രൂപ
ഹോസ്പിറ്റാലിറ്റി സീറ്റുകള്‍: 3000 രൂപ
ലോകോത്തര താരങ്ങള്‍ ക്രിസ്മസ് കാലത്ത് നഗരത്തിലെത്തുന്നത് കായിക പ്രേമികള്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന് സ്വന്തം മണ്ണില്‍ മികച്ച പിന്തുണ നല്‍കാന്‍ വലിയൊരു ജനക്കൂട്ടം സ്റ്റേഡിയത്തിലേക്ക് എത്തുമെന്നാണ് കെ.സി.എ പ്രതീക്ഷിക്കുന്നത്. കരുത്തരായ ഇന്ത്യയും ശ്രീലങ്കയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഗ്രീന്‍ഫീല്‍ഡില്‍ തീപാറുന്ന പോരാട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍