യോഗി സ്തുതി മുതല്‍ ആര്യയുടെ അഹങ്കാരം വരെ; മുഖ്യമന്ത്രിയും പ്രതിക്കൂട്ടില്‍; തലസ്ഥാനത്തെ തകര്‍ച്ചയില്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

Jaihind News Bureau
Monday, December 22, 2025

തിരുവനന്തപുരം: തലസ്ഥാനത്തെ കോര്‍പ്പറേഷന്‍ ഭരണത്തില്‍ സി.പി.എമ്മിനുണ്ടായ കനത്ത തകര്‍ച്ചയ്ക്ക് പിന്നാലെ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മേയര്‍ ആര്യ രാജേന്ദ്രന്റെ അഹങ്കാരവും കെടുകാര്യസ്ഥതയും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്ന് ജില്ലാ കമ്മിറ്റിയില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. മുന്‍ മേയര്‍ വി.കെ. പ്രശാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ആര്യക്കെതിരെ പരസ്യമായ നിലപാടെടുത്തു. മേയറുടെ പ്രവര്‍ത്തനശൈലി പാര്‍ട്ടിയുടെ വോട്ട് ബാങ്കിനെ തകര്‍ത്തെന്ന് ഭൂരിഭാഗം അംഗങ്ങളും കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചില നടപടികള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും വിമര്‍ശനമുയര്‍ന്നു. വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി കാറില്‍ യാത്ര ചെയ്തത് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കി. വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവനകള്‍ എല്‍.ഡി.എഫിന് തിരിച്ചടിയായി. കൂടാതെ, ആഗോള അയ്യപ്പ സംഗമത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് എന്തിന്റെ രാഷ്ട്രീയമാണെന്നും നേതാക്കള്‍ ചോദിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ളയോടുള്ള സര്‍ക്കാരിന്റെ സമീപനം ജനങ്ങളില്‍ വലിയ രോഷമുണ്ടാക്കിയെന്നും ഇത് തോല്‍വിക്ക് പ്രധാന കാരണമായെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി.

തിരുവനന്തപുരം ജില്ലയിലെ സി.പി.എമ്മില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്നതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ജില്ലയില്‍ ഒരാളല്ല, മറിച്ച് മൂന്ന് പേരാണ് സെക്രട്ടറിയെപ്പോലെ പെരുമാറുന്നത്. മൂന്ന് നേതാക്കള്‍ നയിക്കുന്ന മൂന്ന് വിഭാഗങ്ങളും പരസ്പരം പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ ഗ്രൂപ്പിസം കാരണമാണ് തലയെടുപ്പുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയാതിരുന്നതെന്നും, ബി.ജെ.പിയും കോണ്‍ഗ്രസും ശക്തരായ സ്ഥാനാര്‍ത്ഥികളെ അണിനിരത്തിയപ്പോള്‍ സി.പി.എം പരാജയപ്പെട്ടുവെന്നും നേതാക്കള്‍ തുറന്നടിച്ചു.

ഭരണം പൂര്‍ണ്ണമായും ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും വിട്ടുകൊടുത്ത് പാര്‍ട്ടി നിഷ്‌ക്രിയമായതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് ഉയര്‍ന്നുവന്ന പൊതുവികാരം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചകളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ ഏകോപനമില്ലായ്മയും ജില്ലയില്‍ പാര്‍ട്ടിയുടെ അടിത്തറയിളക്കിയെന്ന് സി.പി.എം ജില്ലാ കമ്മിറ്റി സമ്മതിക്കുന്നു.