കുറ്റാരോപിതരായ ഉന്നത ഉദ്യോഗസ്ഥർക്ക് സംരക്ഷണ കവചം; നടപടിയെടുക്കാതെ സർക്കാരിന്‍റെ ഒളിച്ചുകളി

Jaihind News Bureau
Sunday, December 21, 2025

വിജിലൻസ് കേസിൽ പ്രതിയായ ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്റെ സസ്‌പെൻഷൻ നടപടികൾ അകാരണമായി വൈകുന്നതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിനോദ് കുമാറിനെതിരെ ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ സമർപ്പിച്ചിട്ടും സർക്കാർ ഇതുവരെ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. അഴിമതിക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥൻ ഇപ്പോഴും പദവിയിൽ തുടരുന്നത് വകുപ്പിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്.

വനിതാ എസ്ഐമാർക്ക് ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ച കേസിൽ ആരോപണവിധേയനായ എസ്പി വിനോദ് കുമാറിനെതിരെയും നടപടികൾ മരവിപ്പിച്ചിരിക്കുകയാണ്. പോഷ് ആക്ട് പ്രകാരം ഇത്തരം പരാതികളിൽ ഉടനടി അന്വേഷണം നടത്തി നടപടിയെടുക്കേണ്ടതുണ്ടെങ്കിലും, ഈ കേസിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഉന്നത തലത്തിലുള്ള സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥനെ ഭരണകൂടം സംരക്ഷിക്കുകയാണെന്ന് സഹപ്രവർത്തകർക്കിടയിൽ തന്നെ സംസാരമുണ്ട്.

മറ്റൊരു ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത് ഡിവൈഎസ്പി ഉമേഷിനെതിരെയാണ്. കേസിലെ പ്രതിയായ സ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന പരാതിയിൽ സ്ത്രീ നേരിട്ട് മൊഴി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ല. വിഷയത്തിൽ ഉമേഷിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരമേഖല ഐജി റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ആ ശുപാർശയും നിലവിൽ ‘കോൾഡ് സ്റ്റോറേജിൽ’ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.