
അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. ലോകകപ്പിന് മുന്നോടിയായി അടുത്ത മാസം ന്യൂസിലൻഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിലും ഇതേ ടീം തന്നെയാണ് കളത്തിലിറങ്ങുന്നത്.
ഏഷ്യാ കപ്പ് മുതൽ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാൻ ഗില്ലിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ കളിച്ച ജിതേഷ് ശർമക്കും ലോകകപ്പ് ടീമിൽ ഇടം ലഭിച്ചില്ല. കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിൽ ടീമിന് പുറത്തായിരുന്ന റിങ്കു സിംഗ് ഇത്തവണ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനായി നടത്തിയ മികച്ച പ്രകടനം ഇഷാൻ കിഷനെ വീണ്ടും ടീമിലെത്തിച്ചു.
മലയാളി താരം സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പറായും ഓപ്പണറായും ടീമിൽ നിലനിർത്തി. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ടീമിലെത്തിയപ്പോൾ, മധ്യനിരയിൽ കരുത്തേകാൻ തിലക് വർമ, അഭിഷേക് ശർമ എന്നിവർക്കൊപ്പം ഫിനിഷർ റോളിൽ റിങ്കു സിംഗും ഉണ്ടാകും. ഹാർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് ഓൾറൗണ്ടർമാരായി ടീമിലുള്ളത്.
ജസ്പ്രീത് ബുമ്ര നയിക്കുന്ന പേസ് നിരയിൽ അർഷ്ദീപ് സിംഗും ഹർഷിത് റാണയും അണിനിരക്കും. സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവിനൊപ്പം വരുൺ ചക്രവർത്തിയും ടീമിലിടം നേടി. മികച്ച ഫോമിലുള്ള വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ എന്നിവരുടെ സാന്നിധ്യം സ്പിൻ ആക്രമണത്തിന് കൂടുതൽ ആഴം നൽകുന്നു.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ, ഹാർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, റിങ്കു സിംഗ്, ഹർഷിത് റാണ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഇഷാൻ കിഷൻ.