
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ശിക്ഷിച്ച രണ്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ അഞ്ചും ആറും പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് തങ്ങളുടെ ശിക്ഷാവിധി ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കിയത്. തങ്ങളെ കുറ്റവിമുക്തരാക്കണമെന്നും അപ്പീലില്‍ തീര്‍പ്പാകുന്നത് വരെ ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നും ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കുറ്റകൃത്യത്തിലോ ഗൂഢാലോചനയിലോ തങ്ങള്‍ക്ക് പങ്കില്ലെന്നും ഇക്കാര്യം അതിജീവിതയുടെ മൊഴിയില്‍ തന്നെയുണ്ടെന്നും പ്രതികള്‍ വാദിക്കുന്നു. പ്രോസിക്യൂഷന്റെ കൈവശം തങ്ങള്‍ക്കെതിരെ പ്രാഥമിക തെളിവുകള്‍ പോലുമില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കണ്ടെത്തി ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിനതടവ് വിധിച്ചിരുന്നു.
എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ്. ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന നിരീക്ഷണത്തോടെയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. ക്രിസ്മസ് അവധിക്കുശേഷം സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും.
അതേസമയം കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിനെതിരെ തൃശൂര്‍ സൈബര്‍ പൊലീസ് പുതിയ കേസെടുത്തു. ജയിലില്‍ കഴിയുന്ന മാര്‍ട്ടിന്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്‌തെന്ന പരാതിയിലാണ് നടപടി. അതിജീവിതയുടെ പരാതിയെത്തുടര്‍ന്നാണ് മാര്‍ട്ടിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നത് പരിശോധിക്കുന്നത്. മാര്‍ട്ടിന്റെ വീഡിയോ പങ്കുവെച്ചവരും ഇതിന് കമന്റ് ഇട്ടവരും പ്രതികളാകുമെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
ഇതുവരെ ഇത്തരത്തിലുള്ള 27 ലിങ്കുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോകള്‍ പ്രചരിപ്പിച്ചവര്‍ എത്രയും വേഗം അവ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.