
തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ധാരണയിലെത്തിയതില്‍ സി.പി.എമ്മിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു. ഗവര്‍ണറുമായുള്ള ഈ വിട്ടുവീഴ്ച രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കെതിരെ സെക്രട്ടേറിയറ്റില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. വിസി നിയമനത്തിലെ സമവായം പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും, ഗവര്‍ണറുമായി ‘ഭായ്-ഭായ്’ ബന്ധം സ്ഥാപിക്കുന്നത് പാര്‍ട്ടി അണികള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര പദ്ധതിയായ ‘പി.എം ശ്രീ’ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അതേ പ്രതിഷേധം വിസി നിയമനത്തിലും ഉണ്ടാകുമെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എന്നാല്‍, വിമര്‍ശനങ്ങളെ പ്രതിരോധിച്ച മുഖ്യമന്ത്രി, ഇത് സര്‍ക്കാരിന്റെ നിലപാടാണെന്ന് ആവര്‍ത്തിച്ചു.
ഗവര്‍ണറുമായുള്ള അനുനയ നീക്കത്തിന്റെ ഭാഗമായി കേരള സര്‍വകലാശാലാ രജിസ്ട്രാറായിരുന്ന കെ.എസ്. അനില്‍കുമാറിനെ സ്ഥാനത്തുനിന്നും മാറ്റി. ഗവര്‍ണറുടെ പിന്തുണയോടെ വിസി സസ്‌പെന്‍ഡ് ചെയ്ത അനില്‍കുമാറിനെ സംരക്ഷിക്കാന്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ശക്തമായി രംഗത്തുവന്നിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍, അദ്ദേഹത്തെ മാതൃസ്ഥാപനമായ ശാസ്താംകോട്ട ദേവസ്വം കോളേജിലേക്ക് മടക്കി അയച്ചുകൊണ്ട് സര്‍ക്കാര്‍ മുട്ടുമടക്കി.
സര്‍ക്കാരും എസ്.എഫ്.ഐയും കടുത്ത രീതിയില്‍ എതിര്‍ത്തിരുന്ന സിസ തോമസ്, ഡിജിറ്റല്‍ സര്‍വകലാശാലാ വിസിയായി യാതൊരു പ്രതിഷേധവുമില്ലാതെ ചുമതലയേറ്റു. സജി ഗോപിനാഥിനെ ഡിജിറ്റല്‍ വിസിയായി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ സിസ തോമസിനെ അംഗീകരിക്കുന്ന സെറ്റില്‍മെന്റില്‍ എത്തിയതെന്നാണ് സൂചന.
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരാട്ടം വെറും നാടകമായിരുന്നുവെന്നും, ഇതിനിടയില്‍ കോടതി വ്യവഹാരങ്ങള്‍ക്കായി ലക്ഷക്കണക്കിന് രൂപ ഖജനാവില്‍ നിന്ന് പാഴാക്കിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വലിയ തുക ചെലവാക്കി സെര്‍ച്ച് കമ്മിറ്റികളെ നിയോഗിച്ച ശേഷം ഇപ്പോള്‍ നടത്തുന്ന സമവായത്തിന് പിന്നില്‍ വന്‍ ‘അന്തര്‍ധാര’ ഉണ്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.