
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സര്‍ക്കാര്‍ ചടങ്ങിനിടെ യുവതിയുടെ മുഖത്തുനിന്നും നിഖാബ് (മുഖംമറയ്ക്കുന്ന വസ്ത്രം) മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വീണ്ടും വിവാദത്തിലായിരിക്കുകയാണ്. പട്നയില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ ആയുര്‍വേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി (AYUSH) ഡോക്ടര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനിടെയാണ് 74-കാരനായ ജെഡിയു നേതാവിന്റെ ഈ വിവാദ നടപടി. പത്താം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രവര്‍ത്തി ഉണ്ടായത്. സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ച ശേഷം മുഖ്യമന്ത്രി യുവതിയോട് നിഖാബ് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ആവശ്യത്തോട് യുവതിക്ക് പ്രതികരിക്കാന്‍ കഴിയുന്നതിന് മുമ്പ് തന്നെ നിതീഷ് കുമാര്‍ അവരുടെ മുഖം മറച്ച വസ്ത്രത്തില്‍ പിടിച്ച് താഴേക്ക് വലിച്ചു. ഇതോടെ യുവതിയുടെ മുഖം ഭാഗികമായി വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. പശ്ചാത്തലത്തില്‍ ചിലര്‍ ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമെങ്കിലും, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി നിതീഷ് കുമാറിനെ തടയാന്‍ ശ്രമിക്കുന്നതും വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്.
സംഭവം വൈറലായതോടെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടേത് ‘അത്യന്തം ഹീനവും ലജ്ജാവഹവുമായ’ പ്രവര്‍ത്തിയാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.