
ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക വിഗ്രഹങ്ങളിലും കട്ടിളപ്പാളിയിലും സ്വര്‍ണ്ണം പൂശിയതില്‍ നടന്ന വന്‍ ക്രമക്കേട് പരസ്യമായത് കേരള രാഷ്ട്രീയത്തില്‍ വലിയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്. കാണാതായ സ്വര്‍ണ്ണം എന്നതിലുപരി, ഭരണകക്ഷി നേരിട്ട് ഉള്‍പ്പെട്ട മോഷണം എന്നത് ദേശീയ തലത്തില്‍ പോലും ശ്രദ്ധപിടിച്ചു പറ്റി. ഭരണസിരാകേന്ദ്രങ്ങളിലെ ഉന്നതര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന ആരോപണം ലോക്സഭയില്‍ പോലും ഉന്നയിക്കപ്പെട്ടു.
കേസിലെ പ്രധാന പ്രതികളിലൊരാളായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ. പദ്മകുമാറിന്റെ അറസ്റ്റോടെയാണ് കടകംപള്ളി സുരേന്ദ്രന്റെ പേര് വീണ്ടും ചര്‍ച്ചയായത്. സ്വര്‍ണ്ണം പൂശാനുള്ള തീരുമാനം ബോര്ഡിന്റേതായിരുന്നില്ലെന്നും, അത് മുകളില്‍ നിന്നുള്ള അതായത് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നും പദ്മകുമാര്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ച് സാധാരണഗതിയില്‍ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കേണ്ടതാണ്. എന്നാല്‍, മന്ത്രിയുടെ ഓഫീസില്‍ നിന്നും നേരിട്ടുള്ള ഇടപെടലിലൂടെ കരാറുകാരനായ ഉണ്ണികൃഷ്ണന് പോറ്റിക്ക് ഇടനില നല്കാന് സാഹചര്യമൊരുക്കിയെന്നാണ് സംശയിക്കപ്പെടുന്നത്. ഈ മൊഴികള്‍ ഉണ്ടായിട്ടും കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി മടിക്കുന്നത് ‘സിപിഎമ്മിലെ ദൈവങ്ങളെ’ ഭയന്നാണോ എന്ന ചോദ്യം ഉയരുന്നു.മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും മറ്റ് മുതിര്‍ന്ന സിപിഎം നേതാക്കളിലേയ്ക്കും അന്വേഷണം എത്താതിരിക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നടക്കുന്നുണ്ടോ എന്ന സംശയമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തെളിവുകള്‍ ഉണ്ടായിട്ടും ചോദ്യം ചെയ്യല്‍ വൈകുന്നത് എന്തുകൊണ്ടാണ്… ? ഈ ചോദ്യം വളരെ പ്രസക്തമാണ്.
2019-ലാണ് ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലും സോപാനത്തിലും സ്വര്‍ണ്ണം പൂശുന്ന ജോലികള്‍ നടന്നത്. ചെമ്പ് പാളികളില്‍ സ്വര്‍ണ്ണം പൂശി എന്ന് രേഖകളില്‍ പറയുമ്പോഴും, പിന്നീട് നടന്ന പരിശോധനകളില്‍ സ്വര്‍ണ്ണത്തിന്റെ അളവില്‍ വലിയ കുറവ് കണ്ടെത്തി. പഴയ സ്വര്‍ണ്ണം എവിടെ പോയി എന്നതിനും കൃത്യമായ ഉത്തരമില്ല. സുഭാഷ് കപൂര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുടെ രീതികളുമായി ഇതിന് സാമ്യമുണ്ടെന്ന് സൂചിപ്പിച്ചത് ഹൈക്കോടതിയാണ്. ഇത്രയും ഗൗരവമായ ഒരു വിവരം ലഭിച്ചിട്ടും അതിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് മടിക്കുന്നത് ആരെ സംരക്ഷിക്കാനാണ്?
40 വര്‍ഷത്തെ ഗ്യാരണ്ടി പറഞ്ഞിരുന്ന സ്വര്‍ണ്ണപ്പണി വെറും രണ്ടുവര്‍ഷത്തിനുള്ളില്‍ നശിച്ചുപോയതാണ് തട്ടിപ്പ് പുറത്തുവരാന്‍ കാരണമായത്. യഥാര്‍ത്ഥത്തില്‍ നടന്നത് സ്വര്‍ണ്ണം പൂശലല്ല, മറിച്ച് സ്വര്‍ണ്ണം പൂശിയെന്ന് വരുത്തിത്തീര്‍ത്ത് അമൂല്യമായ ക്ഷേത്രസ്വത്തുക്കള്‍ കടത്തിക്കൊണ്ടുപോകലാണോ എന്ന സംശയമാണ് ബലപ്പെടുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎല് എ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ കേസിന് മറ്റൊരു മാനം നല്കി. ശബരിമലയില്‍ നടന്നത് വെറുമൊരു സ്വര്‍ണ്ണ മോഷണമല്ല, മറിച്ച് അന്താരാഷ്ട്ര ബന്ധമുള്ള പുരാവസ്തു കള്ളക്കടത്താണെന്നാണ് ചെന്നിത്തല ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരങ്ങള്‍ നല്കാന് തയ്യാറാണെന്ന് അറിയിച്ചിട്ടും എസ്.ഐ.ടി അദ്ദേഹത്തിന്റെ മൊഴിയെടുക്കാന്‍ അത്ര താത്പര്യം കാട്ടുന്നല്ല. മൊഴിയെടുക്കല്‍ വൈകിച്ചത് ദുരൂഹമാണ്. കാണാതായ യഥാര്‍ത്ഥ സ്വര്‍ണ്ണവും വിഗ്രഹഭാഗങ്ങളും വിദേശത്തേക്ക് കടത്തപ്പെട്ടിരിക്കാമെന്നും സംശയിച്ചാല്‍ അതില്‍ കുറ്റം പറയാനാവില്ല. കേസ് അന്വേഷണം മുന്‍ മന്ത്രിയിലേക്ക് എത്തിയാല്‍ അത് സര്‍ക്കാരിന്റെ തന്നെ പ്രതിച്ഛായയെ ബാധിക്കും. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാന്‍ സര്‍ക്കാര്‍ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് ഇത്രയും വലിയൊരു അഴിമതി ആരോപണം ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയോ പാര്‍ട്ടി നേതൃത്വമോ കൃത്യമായ മറുപടി നല്കാന് തയ്യാറാകാത്തത് . ചുരുക്കത്തില്‍, ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് അന്വേഷണം നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ സ്തംഭിച്ചു നില്‍ക്കുകയാണെന്ന് പറയാം. നീതിപൂര്‍വ്വമായ അന്വേഷണം നടന്നാല്‍ പല വമ്പന്‍ സ്രാവുകളും കുടുങ്ങുമെന്ന് ഉറപ്പാണ്. എന്നാല്‍, ആ ‘വമ്പന്‍ സ്രാവുകളെ’ തൊടാന്‍ എസ്.ഐ.ടിക്ക് ധൈര്യമുണ്ടോ അതോ രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
സ്വര്‍ണ്ണക്കൊള്ള കേസ് അന്വേഷണം മുറുകുമ്പോള്‍ സിപിഎം നേതൃത്വം ആശങ്കയിലാകാന്‍ ഒട്ടേറെ കാരണങ്ങളാണങ്ങളുണ്ട്. ഈ അഴിമതി നടക്കുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തുണ്ടായിരുന്നത് സിപിഎം നോമിനികളാണ് എന്നതാണ് അതില്‍ ഏറ്റവും പ്രധാനം . ബോര്‍ഡിന്റെ അറിവോ സമ്മതമോ ഇല്ലാതെ മന്ത്രിയുടെ ഓഫീസില്‍ നിന്നും നേരിട്ട് കരാറുകാരനെ നിശ്ചയിച്ചു എന്ന വെളിപ്പെടുത്തല്‍ വിരല്‍ ചൂണ്ടുന്നത് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കാണ്. അഴിമതിയുടെ ഉത്തരവാദിത്തം മന്ത്രിയിലേക്ക് എത്തുന്നതോടെ ശബരിമല സ്വര്‍ണ്ണമോഷണത്തില്‍ പാര്‍ട്ടിയുടെ ഇടപെടല്‍ പകല്‍ പോലെ വ്യക്തമാകും. ഇതോടെ ഇതുവരെ പാര്‍ട്ടി ഉയര്‍ത്തിയിരുന്ന പ്രതിരോധങ്ങളെല്ലാം തകരും. ദേവസ്വം സ്വത്തില്‍ കൈയ്യിട്ടുവാരിയെന്നും മോഷ്ടിച്ചുവെന്നും വ്യക്തമാകും. ‘വിശ്വാസ സംരക്ഷകര്‍’ എന്ന മുഖംമൂടി അതോടെ അഴിഞ്ഞു വീഴും.
സ്ത്രീപ്രവേശന വിവാദത്തിന് ശേഷം വിശ്വാസികളെ തിരികെ അടുപ്പിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്, ക്ഷേത്ര സ്വര്‍ണ്ണം മോഷ്ടിച്ചു എന്ന ആരോപണം ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ‘ദൈവമില്ലെന്ന് പറയുന്നവര്‍ ദൈവത്തിന്റെ സ്വര്‍ണ്ണം മോഷ്ടിക്കുന്നു’ എന്ന പ്രചാരണം വിശ്വാസികളുടെ വോട്ടുകള്‍ ഏകീകരിക്കുന്നതിന് കാരണമാകും. ഹൈന്ദവ വിശ്വാസികളില്‍ മാത്രമല്ല, മറ്റു മതങ്ങളിലുള്ളവരും ഈ പകല്‍ കൊള്ള കാണുകയും അറിയുകയും ചെയ്യുന്നുണ്ട്.
ശബരി മലയില്‍ കോടതിവിധി നടപ്പാക്കാന്‍ സിപിഎം കാണിച്ച അതീവ താത്പര്യം മലയാളികള്‍ക്കെല്ലാം അറിയുന്നതാണ്. പരമപ്രധാനമായ ആരാധനാലയത്തെ സിപിഎം യുദ്ധക്കളമാക്കി. സുവര്‍ണ്ണാവസരമെന്ന് വിശേഷിപ്പിക്കാന്‍ ആര്‍എസ് എസ് ഉള്‍പ്പെടെയുള്ള വര്‍ഗ്ഗീയശക്തികള്‍ക്ക് ഇടവും അവസരവും നല്‍കിയത് സര്‍ക്കാരിന്റെ ഈ നടപടികളാണ്. കേരളം ഒരു നടുക്കത്തോടെ കണ്ടു നിന്ന സംഭവങ്ങളാണ് പിന്നിട് ശബരിമലയില്‍ സിപിഎം കാര്‍മ്മികത്വത്തില്‍ അരങ്ങേറിയത്. ആക്ടിവിസ്റ്റുകളെ വേഷം മാറ്റി പോലീസ് അകമ്പടിയോടെ മല കയറ്റിയതും പോലീസ അതിക്രമങ്ങളുമെല്ലാം കേരളമനസ്സാക്ഷിയെ വേദനിപ്പിക്കുന്നതായിരുന്നു. അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെട്ടതിന് അവര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു. ഇതോടെയാണ് ഇത്തവണ അയ്യപ്പസംഗമം എന്ന തട്ടിപ്പുമായി പിണറായിയും സംഘവും ഇറങ്ങിയത്. പമ്പാതീരത്തു കോടികള്‍ പൊടിച്ചു നടത്തിയ വാചക മേള വന്‍ പരാജയമായി . ആരും തിരിഞ്ഞു നോക്കാതെ അനാഥമായി അത് അവസാനിച്ചു. പക്ഷേ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകള്‍ സര്‍ക്കാന്റെ അടിവേരിളക്കുന്നതായിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള പരസ്യമാക്കപ്പെട്ടത് അങ്ങനെയായിരുന്നു. ആരോപണങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി നല്കാന് മുഖ്യമന്ത്രി പിണറായി വിജയനോ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനോ തയ്യാറാകാത്തത് അണികള്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കോടതിയുടെ മേല്‍നോട്ടമുണ്ടായിട്ടും അന്വേഷണം ഇഴയുന്നത് ഭരണസ്വാധീനം കൊണ്ടാണെന്ന് വ്യക്തം.അന്വേഷണം ഉന്നത സിപിഎം നേതാക്കളിലേക്ക് എത്താതിരിക്കാന്‍ ഭരണകക്ഷി എന്ന നിലയില്‍ എല്ലാ അധികാരവും അവര്‍ പ്രയോഗിക്കുന്നു. രമേശ് ചെന്നിത്തലയുടേതുള്പ്പെടെയുള്ള ഗുരുതരമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും അന്വേഷണ സംഘം കാണിക്കുന്ന അലംഭാവം വിമര്‍ശനവിധേയമാണ്.
ശബരിമല സ്വര്‍ണ്ണക്കൊള്ള സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു ‘പൊളിറ്റിക്കല്‍ ടൈം ബോംബ്’ ആണ്. അന്വേഷണം നീട്ടിക്കൊണ്ടുപോയി ജനമനസ്സില്‍ നിന്ന് വിഷയം മായ്ച്ചുകളയാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാല്‍, ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഈ വിഷയം വീണ്ടും ഉയര്‍ന്നു വരുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു.വിപ്ലവ പാര്‍ട്ടിയുടെ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്ന ഈ സാഹചര്യത്തില്‍, സത്യം പുറത്തുവരുന്നതുവരെ സിപിഎമ്മിന് ഈ സ്വര്ണ്ണച്ചുഴിയില് നിന്ന് കരകയറുക എളുപ്പമാകില്ല. ഭരണത്തിന്റെ തണലില്‍ അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാനുള്ളജാഗ്രത എല്ലാവര്‍ക്കുമുണ്ട്. അന്വഷണം എത്ര വൈകിപ്പിച്ചാലും ജനകീയ കോടതിയില്‍ പാര്‍ട്ടി വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും.