
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ല. ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. കഴിഞ്ഞയാഴ്ച വിശദമായ വാദം കേട്ട ശേഷം വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
സ്വര്‍ണക്കൊള്ളയില്‍ വാസുവിന് നേരിട്ട് പങ്കുണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് കോടതിയുടെ നടപടി. കേസിന്റെ ഈ ഘട്ടത്തില്‍ വാസുവിന് ജാമ്യം നല്‍കുന്നതിനെ എസ്.ഐ.ടി. ശക്തമായി എതിര്‍ത്തിരുന്നു. ഈ വാദങ്ങള്‍ പരിഗണിച്ചാണ് കോടതിയുടെ നിര്‍ണ്ണായക തീരുമാനം.
സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു വാസുവിന്റെ പ്രധാന വാദം. താന്‍ ബോര്‍ഡ് ചുമതലയില്‍ നിന്ന് വിരമിച്ച ശേഷമാണ് പാളികള്‍ കൈമാറിയതെന്നും, ഉത്തരവ് ഇറങ്ങിയപ്പോഴും താന്‍ ചുമതലയില്‍ ഉണ്ടായിരുന്നില്ലെന്നും വാസു കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍, ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ കേസില്‍ അറസ്റ്റിലായ വാസുവിന് ജയിലില്‍ തുടരേണ്ടിവരും.