
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി വോട്ട് തേടുന്ന തിരക്കിലാണ് മുന്‍കാല സിപിഎം നേതാക്കള്‍. സിപിഎം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുതേടിയിറങ്ങിയതാണ് ഏറെ ശ്രദ്ധേയം. ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിലാണു രാജേന്ദ്രന്റെ വോട്ടുപിടിത്തം. ഇടമലക്കുടിയില്‍ മാത്രം രണ്ടാഴ്ചയ്ക്കിടെ 3 തവണ രാജേന്ദ്രന്‍ വോട്ടു തേടിയെത്തി. തിരഞ്ഞെടുപ്പുകളില്‍ താന്‍ മത്സരിച്ചപ്പോള്‍ തനിക്കുവേണ്ടി പ്രവര്‍ത്തിച്ചവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണു വോട്ടഭ്യര്‍ഥനയെന്നാണ് രാജേന്ദ്രന്‍ പ്രതികരിച്ചത്. നിലവില്‍ താന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മുമായി നാലുവര്‍ഷമായി അകന്നുനില്‍ക്കുകയാണു രാജേന്ദ്രന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ.രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് 15 വര്‍ഷം സിപിഎം എംഎല്‍എയായിരുന്ന എസ്.രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിക്കാതിരുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. രാജേന്ദ്രന്‍ ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്നും സൂചനയുണ്ട്. ഇന്നത്തെ സിപിഎം നാളത്തെ ബിജെപിയെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എസ് രാജേന്ദ്രന്റേത്.