
എസ്ഐആറില്‍ ചര്‍ച്ച അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇരുസഭകളിലും പ്രതിപക്ഷ ബഹളം ശക്തമായി. ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ നോട്ടീസുകള്‍ തള്ളിയതോടെ ലോക്സഭയിലും രാജ്യസഭയിലും നടപടികള്‍ തടസ്സപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ എംപിമാര്‍ ‘വോട്ട് കള്ളന്, കസേര ഒഴിയൂ’ എന്ന മുദ്രാവാക്യം മുഴക്കി.
എസ്.ഐ.ആര് ഒരു അടിയന്തര വിഷയമാണെന്നും ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഇരുസഭകളിലും ചര്‍ച്ചയ്ക്കുള്ള നോട്ടീസുകള്‍ തള്ളപ്പെട്ടു. വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് 48 ബിഎല്‍ഒമാര്‍ മരിച്ചതായി ഖര്‍ഗെ ചൂണ്ടിക്കാട്ടി.
ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ‘എസ്.ഐ.ആര്’ വിഷയത്തില്‍ കോണ്‍ഗ്രസ്സും ഇന്ത്യ മുന്നണിയിലെ മറ്റ് എംപിമാരും പാര്‍ലമെന്റിന് പുറത്തും പ്രതിഷേധം സംഘടിപ്പിച്ചു. സഭ നടപടികള്‍ക്ക് മുന്നോടിയായി പാര്‍ലമെന്റിന്റെ മകര ദ്വാറിന് പുറത്ത് നേതാക്കള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.