പിണറായിക്കെന്ത് ഇ.ഡി; അന്വേഷണ ഏജന്‍സികള്‍ പടിവാതില്‍ക്കല്‍ എത്തിയത് മിച്ചം; പിന്നില്‍ ബിജെപി സിപിഎം ഡീല്‍

Jaihind News Bureau
Monday, December 1, 2025

തിരുവനന്തപുരം: കിഫ്ബി മസാലബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇഡി നോട്ടിസ് അയച്ചു. മസാല ബോണ്ട് ഇടപാടില്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ (ഫെമ) ലംഘിച്ചു എന്നാണ് ഇഡി കണ്ടെത്തല്‍. ഇതിലാണ് കാരണം കാണിക്കല്‍ നോട്ടീസാണ് അയച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ തേടി ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എത്തുന്നത് ഇത് ആദ്യമായിട്ടല്ല. നേരത്തെ സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് മിഷന്‍ കേസിലും, കരുവന്നൂരും, മാസപ്പടിയിലുമൊക്കെ മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കോ പലതവണയായി നോട്ടീസ് നല്‍കിയിട്ടുണ്ട്. പക്ഷേ ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാര്‍ക്കുള്ള ഭീഷണി ഏതായാലും പിണറായിക്ക് ഇല്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനാണ് ഈ നീക്കം എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

സംസ്ഥാനത്ത് പിണറായി സര്‍ക്കാരിന് പ്രതികൂലമായി ഒരു വിഷയം ഉണ്ടാകുമ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത് ബിജെപിയാണ്. സമാനമായ രീതിയില്‍ ബിജെപിക്കുള്ള സഹായഹസ്തവുമായി സിപിഎമ്മും പലപ്പോഴും എത്താറുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി വേണം ഇതിനെയും കാണാന്‍. കാരണം ഇതിന് മുന്‍പ് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ എല്ലാം വളരെ നിസാരമായി ഒതുക്കിത്തീര്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ഇത്തവണയും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്താന്‍ പോകുന്ന ഡീലിന്റെ ഭാഗമെന്നാണ് പൊതുസമൂഹം വിശ്വസിക്കുന്നത്.