
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുന്‍ ദേവസ്വം പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എന്‍. വാസുവിനെ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തിന് ശക്തിയേകുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് വാസുവിനെ കൊല്ലത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍, തിരുവനന്തപുരം എ.ആര്‍. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥര്‍ കൈവിലങ്ങ് അണിയിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കൈവിലങ്ങ് വെക്കേണ്ട പ്രതികളെക്കുറിച്ച് ബി.എന്‍.എസ്. നിയമത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുള്ളതിന് വിരുദ്ധമായ നടപടിയാണിത് എന്നാണ് വിലയിരുത്തല്‍.
പ്രതിയുടെ പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം തുടങ്ങിയ നിയമപരമായ കാര്യങ്ങള്‍ പരിഗണിക്കാതെ കൈവിലങ്ങ് വെച്ചത് സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയതായി പറയപ്പെടുന്നു. ഈ സാഹചര്യത്തില്‍, സംഭവത്തെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കുകയും, ഡി.ജി.പി. പോലും നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍, എ.ആര്‍. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. ഇതോടെ, എന്‍. വാസുവിന് സി.പി.എമ്മിലും സര്‍ക്കാരിലുമുള്ള സ്വാധീനവും അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും വീണ്ടും വ്യക്തമാവുകയാണ്. അതേസമയം, കേസിന്റെ നിയമപരമായ നടപടികള്‍ തുടരുന്നതിന്റെ ഭാഗമായി, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍. വാസുവിന്റെ റിമാന്‍ഡ് കാലാവധി കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.