വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്

Jaihind News Bureau
Friday, November 21, 2025

 


കേരളത്തിലെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ അവിസ്മരണീയ സംഭവമായ വൈക്കം സത്യാഗ്രഹം 603 ദിവസങ്ങള്‍ പിന്നിട്ട് സമാപിച്ചതിന്റെ 100-ാം വാര്‍ഷികം കെപിസിസിയുടെ നേതൃത്വത്തില്‍ 2025 നവംബര്‍ 23 ന് കോട്ടയം വൈക്കത്ത് വിപുലമായി ആഘോഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

അന്നേദിവസം ഉച്ചയ്ക്ക് 2.30 മണിയ്ക്ക് വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാനും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.പി.സജീന്ദ്രന്റെ അധ്യക്ഷതയില്‍ സംഘടിപ്പിക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും.രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വൈക്കം സത്യാഗ്രഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വിവിധപരിപാടികളാണ് കെപിസിസിയുടെ നേതൃത്വത്തില്‍ 2023 ല്‍ നടത്തിവരുന്നത്. വൈക്കം സത്യാഗ്രഹ സമരത്തിന്റെ 100-ാം വാര്‍ഷിക ആഘോഷത്തിന്റെ ഉദ്ഘാടനം 2023 മാര്‍ച്ച് 30ന് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നിര്‍വഹിച്ചിരുന്നു. തുടര്‍ന്ന് 2023 ഡിസംബര്‍ 5, 6 തീയതികളില്‍ തിരുവനന്തപുരത്ത് ‘ചരിത്ര കോണ്‍ഗ്രസ്’ സംഘടിപ്പിച്ചു. അതിനുശേഷം വൈക്കം സത്യാഗ്രഹസമര പോരാളിയായ ആമച്ചാടി തേവന്റെ സ്മൃതി മണ്ഡപം ഭരണഘടനാ ശില്‍പി ഡോ. അംബേദ്ക്കറുടെ പൗത്രന്‍ ആനന്ദ് രാജ് അംബേദ്ക്കര്‍ അനാച്ഛാദനം ചെയ്തു. 2024 മാര്‍ച്ച് 30 ന് വൈക്കം സത്യാഗ്രഹത്തിന്റെ 100-ാം വാര്‍ഷിക സമ്മേളനം വൈക്കത്ത് സംഘടിപ്പിക്കുകയും ചെയ്തു.