ശബരിമല സ്വര്‍ണ്ണക്കൊള്ള: യഥാര്‍ത്ഥ സൂത്രധാരന്മാര്‍ മന്ത്രിമാര്‍; അന്വേഷണം അവരിലേക്കും വ്യാപിപ്പിക്കണം – രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, November 20, 2025

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുതിര്‍ന്ന സിപിഎം നേതാവുമായ എ. പത്മകുമാര്‍ ഉള്‍പ്പെടെ രണ്ട് മുന്‍ പ്രസിഡന്റുമാര്‍ അറസ്റ്റിലായതിനു പിന്നാലെ ഇനി അകത്തു പോകാനുള്ളത് മന്ത്രിമാരാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷം കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരുന്ന ഗുരുതരമായ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഈ അറസ്റ്റുകള്‍.
ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. യഥാര്‍ത്ഥ സൂത്രധാരന്മാര്‍ മന്ത്രിമാരും സിപിഎമ്മിന്റെ ഉന്നത നേതാക്കളുമാണ്. അന്വേഷണം അവരിലേക്ക് വ്യാപിപ്പിക്കണം.

ഇത് ഇവിടെ അവസാനിക്കില്ല. മൂന്ന് ദേവസ്വം മന്ത്രിമാര്‍ക്ക് ഈ കൊള്ളയില്‍ നേരിട്ട് പങ്കുണ്ട്. ശരിയായ രീതിയില്‍ അന്വേഷണം മുന്നോട്ട് പോയാല്‍ അവര്‍ അഴിയെണ്ണേണ്ടി വരും. ഞങ്ങള്‍ ഇത് നേരത്തെ പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ നിഷേധിച്ചു. ഇപ്പോള്‍ സത്യം പുറത്തുവരികയാണ് – രമേശ് ചെന്നിത്തല പറഞ്ഞു.
ഈ കൊള്ളയിലെ കിംഗ്പിന്‍ എന്നത് മന്ത്രിമാര്‍ തന്നെയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെപ്പോലുള്ളവരെ ഊട്ടി വളര്‍ത്തിയത് ഈ മന്ത്രിമാരാണ്. ശബരിമലയിലെ സ്വര്‍ണ്ണം അടിച്ചുമാറ്റിയ ഈ സംഭവം കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണ്. ഇടതുപക്ഷത്തിന് സ്വര്‍ണ്ണത്തോടുള്ള പ്രിയം സ്വര്‍ണ്ണക്കള്ളക്കടത്തില്‍ നിന്ന് ഇപ്പോള്‍ ക്ഷേത്രസ്വര്‍ണ്ണം കൊള്ളയടിക്കുന്നതിലേക്ക് എത്തിയിരിക്കുന്നു.

തീര്‍ത്ഥാടകരുടെ ക്ഷേമത്തിലല്ല, മറിച്ച് അവിടുത്തെ സമ്പത്ത് എങ്ങനെ കൊള്ളയടിക്കാം എന്നതിലാണ് സര്‍ക്കാരിന് താല്പര്യം. അതുകൊണ്ടാണ് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ സര്‍ക്കാര്‍ ഭക്തരെ വലയ്ക്കുന്നത്. ‘ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും’ എന്നാണ് മന്ത്രി ശിവന്‍ കുട്ടി പ്രതികരിച്ചത്. അത് വളരെ ശരിയാണ്. ഇനിയും ഒരുപാട് പേര്‍ക്ക് വെള്ളം കുടിക്കേണ്ടി വരും. യഥാര്‍ത്ഥ കുറ്റവാളികളായ മന്ത്രിമാരെയും ഉന്നത നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ പ്രതിപക്ഷം ഈ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞും.