മെസിയുടെ വരവ്: കൈമലര്‍ത്തി കായികവകുപ്പ് ഒന്നുമറിയില്ലെന്ന് മറുപടി; വിവരാവകാശ രേഖ പുറത്ത്

Jaihind News Bureau
Thursday, November 20, 2025

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ ലയണല്‍ മെസ്സിയുടെയും അര്‍ജന്റീന ടീമിന്റെയും കേരള സന്ദര്‍ശനം വെറും ഒരു തട്ടിപ്പായി മാറുന്നുവോ? മെസ്സിയെ എത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ കായിക വകുപ്പിനെ പോലും ഇരുട്ടില്‍ നിര്‍ത്തുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. വിവരവകാശ നിയമപ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്കാണ്, സംസ്ഥാന കായിക വകുപ്പിന് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്ന വിചിത്ര മറുപടി ലഭിച്ചത്.

ഏതൊക്കെ തീയതികളിലാണ് മെസ്സിയും അര്‍ജന്റീനയും വരിക, ഏത് സ്റ്റേഡിയത്തിലാണ് കളിക്കുക, ആരാണ് എതിര്‍ടീം, ടിക്കറ്റ് നിരക്ക് എത്രയാണ് തുടങ്ങിയ സുപ്രധാന വിവരങ്ങളെല്ലാം കായിക മന്ത്രിയുടെ ഓഫിസിനു കൈമാറിയിട്ടുണ്ടെന്നാണ് വകുപ്പ് കൈമലര്‍ത്തിയത്. മെസ്സിയെ എത്തിക്കാന്‍ സ്വകാര്യ കമ്പനിയെ സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പ് ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള കരാറും ഉണ്ടാക്കിയിട്ടില്ല എന്ന കായിക വകുപ്പിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. 13 ലക്ഷം രൂപ ചര്‍ച്ചകള്‍ക്കായി ചെലവഴിച്ചു എന്ന് വകുപ്പിന് അറിയാമെങ്കിലും, ലക്ഷങ്ങള്‍ ചെലവഴിച്ച ഈ നീക്കത്തിന് എന്തെങ്കിലും നിയമപരമായ അടിത്തറയുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നു. നേരത്തെ, കരാര്‍ ലംഘിച്ചതിന്റെ പേരില്‍ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

കായിക വകുപ്പിനെ തന്നെ ഇരുട്ടില്‍ നിര്‍ത്തിയാണ് കായിക മന്ത്രിയുടെ ഓഫിസ് നീക്കങ്ങള്‍ നടത്തിയത് എന്ന് ഈ വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. ഇതിലൂടെ, ഫുട്ബോള്‍ ആരാധകരുടെ ആവേശം രാഷ്ട്രീയമായി മുതലെടുക്കാനുള്ള ഭരണപക്ഷത്തിന്റെ ശ്രമമാണ് നടക്കുന്നത് എന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ശക്തിയേറുകയാണ്. കായിക വകുപ്പിനെ മറികടന്നുള്ള മന്ത്രിയുടെ ഓഫിസിന്റെ നിഗൂഢ നീക്കങ്ങള്‍ പൊതുഖജനാവിന് കോടികളുടെ നഷ്ടം വരുത്തുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി വ്യക്തത വരുത്തണം.