ശബരിമലക്കുരുക്കില്‍ ഇടത് സര്‍ക്കാര്‍; എ പത്മകുമാര്‍ എസ്‌ഐടിക്ക് മുന്നില്‍ കീഴടങ്ങി; പത്മകുമാറിനെയും വാസുവിനെയും ഒന്നിച്ച് ചോദ്യം ചെയ്യാന്‍ സാധ്യത

Jaihind News Bureau
Thursday, November 20, 2025

 

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി തട്ടിപ്പ് കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മീഷണറുമായ എന്‍. വാസുവിനെ കസ്റ്റഡിയില്‍ വിടണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എന്നാല്‍, തട്ടിപ്പ് നടന്ന കാലത്തെ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിനെ ചോദ്യം ചെയ്യാതെ കേസില്‍ നിന്ന് ഒളിച്ചു കടത്താനുള്ള ഇടത് സര്‍ക്കാരിന്റെ നിഗൂഢ നീക്കങ്ങള്‍ കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുകയാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാരിന്റെ ഒത്താശയോടെയാണ് വിശ്വാസികളുടെ പണം കവര്‍ന്നതെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ശക്തിയേറുന്നു.

സ്വര്‍ണ്ണപ്പാളി കൈമാറ്റത്തില്‍ വ്യാജരേഖ ചമച്ചതടക്കമുള്ള ഗുരുതരമായ ക്രമക്കേടുകള്‍ നടന്നത് പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡിന്റെ കാലത്താണ്. വാസുവും മുരാരി ബാബുവുമുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാവുകയും റിമാന്‍ഡിലാവുകയും ചെയ്ത സാഹചര്യത്തില്‍, ബോര്‍ഡ് തലപ്പത്തിരുന്ന പത്മകുമാറിനെ മാത്രം ചോദ്യം ചെയ്യാത്തത് രാഷ്ട്രീയപരമായ ഒളിച്ചുകളിയാണ്. സി.പി.എമ്മിന്റെ അടുപ്പക്കാരനായ പത്മകുമാറിനെ ചോദ്യം ചെയ്താല്‍, ഈ തട്ടിപ്പിലെ സര്‍ക്കാര്‍ ബന്ധം പുറത്തുവരുമെന്ന ഭയമാണ് അന്വേഷണ സംഘത്തെ പിന്നോട്ട് വലിക്കുന്നത്. ‘വാസുവിനെയും പത്മകുമാറിനെയും ഒന്നിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ സത്യം പുറത്തുവരൂ’ എന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ലെങ്കില്‍, കേസില്‍ ഉന്നത ഇടപെടല്‍ നടന്നുവെന്ന് ഉറപ്പിക്കാം.

ശബരിമലയിലെ ഭണ്ഡാര വരുമാനം പോലും തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിച്ച സര്‍ക്കാരാണ് ഇപ്പോള്‍ സ്വര്‍ണ്ണക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നത്. സ്വര്‍ണ്ണപ്പാളി ‘ചെമ്പ്’ ആണെന്ന് മഹസറില്‍ എഴുതിച്ച് വ്യാജരേഖകള്‍ നിര്‍മ്മിച്ചതില്‍ അന്നത്തെ ഭരണസമിതിയുടെ പങ്ക് വ്യക്തമാണ്. ക്ഷേത്രസ്വത്ത് കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചു എന്നതിലൂടെ, വിശ്വാസി സമൂഹത്തോടുള്ള ഇടതുപക്ഷത്തിന്റെ സമീപനം ഒരിക്കല്‍ കൂടി തുറന്നുകാട്ടപ്പെട്ടു. ഈ മഹാകൊള്ള മറച്ചുവെക്കാന്‍ വിജിലന്‍സിനെ ഉപയോഗിച്ച് സമര്‍ത്ഥമായ തിരക്കഥ എഴുതി കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

റിമാന്‍ഡില്‍ കഴിയുന്ന എന്‍. വാസുവിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ സ്വര്‍ണ്ണം എവിടെ പോയി എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഇന്ന് നടക്കുന്ന വാദങ്ങള്‍ നിര്‍ണ്ണായകമാണ്. കേസില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയും
കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.