‘ശബരിമല സീസണ്‍ സര്‍ക്കാര്‍ വികലമാക്കി’; നേതാക്കളുടെ പോക്കറ്റ് മാത്രമാണ് വികസിക്കുന്നതെന്നും വി.ഡി സതീശന്‍

Jaihind News Bureau
Wednesday, November 19, 2025

ശബരിമല സീസണ്‍ ഇത്രമാത്രം വികലമാക്കിയ മറ്റൊരു സര്‍ക്കാരില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്‍ഡിഎഫ് കാലത്ത് നേതാക്കളുടെ പോക്കറ്റ് മാത്രമാണ് വികസിച്ചത്. രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിലാണ് ശബരിമലയില്‍ കൊള്ള നടന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ശരിയായ അന്വേഷണം നടന്നാല്‍ 3 ദേവസ്വം മന്ത്രിമാരും അഴികള്‍ക്കുള്ളില്‍ ആകും. ശബരിമലയുടെ സ്ഥിതി മോശമാണെന്ന് പുതിയ ദേവസ്വം പ്രസിഡന്റ് പോലും പറഞ്ഞുവെന്നും ്അദ്ദേഹം കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ കുടിവെള്ളമില്ല, ശുചിമുറിയില്‍ വെള്ളമില്ല. വൃത്തിഹീനമായ ടോയ്‌ലറ്റും മലിനമായ പമ്പയുമാണുള്ളതെന്നും അദ്ദേഹം ചൂണ്ടികാട്ടി. വിശ്വാസികള്‍ക്കൊപ്പമെന്ന് വീമ്പടിച്ച് ശബരിമലയെ വികസിപ്പിക്കാനെന്ന പേരില്‍ ആഗോള അയ്യപ്പസംഗമം നടത്തിയ സര്‍ക്കാരാണ് ഇപ്പോള്‍ ശബരിമലയയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാതെ മുങ്ങിനടക്കുന്നത്. മാധ്യമശ്രദ്ധ പിടിച്ചു പറ്റാന്‍ കോടികള്‍ മുടക്കി അയ്യപ്പസംഗമം നടത്തിയപ്പോള്‍ തന്നെ ഭക്തര്‍ക്ക് സര്‍ക്കാരിലുള്ള കപട വിശ്വാസം വ്യക്തമായതാണ്. ഇപ്പോഴിതാ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാക്കാതെ കുഴഞ്ഞുമറിയുകയാണ് സര്‍ക്കാര്‍. പ്രതിപക്ഷം ആവര്‍ത്തിക്കുന്നതു പോലെ സര്‍ക്കാര്‍ ഉറക്കത്തിലാണ്…. സംസ്ഥാനത്ത് സര്‍ക്കാരില്ലായ്മ തുടരുകയാണ്.