
തലശ്ശേരി പാലത്തായി പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ബി.ജെ.പി. നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സ്കൂള്‍ മാനേജ്മെന്റിനാണ് ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്.
തലശ്ശേരിയിലെ പാലത്തായിയില്‍ 2020 മാര്‍ച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പീഡനത്തിനിരയായത് നാലാം ക്ലാസ്സില്‍ പഠിച്ചിരുന്ന 10 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയാണ്. പത്മരാജന് സ്കൂളില്‍ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പ്രതി ബി.ജെ.പി. പ്രാദേശിക നേതാവായതിനാല്‍ കേസ് വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു. കേസന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി അന്നുമുതല്‍ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
പലപ്പോഴും കുട്ടിയുടെ മൊഴികള്‍ മാറ്റിപ്പറഞ്ഞുവെന്നും, ആദ്യം ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നുമുള്ള ആരോപണങ്ങള്‍ ശക്തമായിരുന്നു. കേസില്‍ ശരിയായ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധ സമരങ്ങള്‍ കേരളത്തില്‍ നടന്നു. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാല്‍ ആദ്യഘട്ടത്തില്‍ പീഡനം നടന്നതായി തെളിയിക്കുന്ന പോക്സോ വകുപ്പുകള്‍ ഒഴിവാക്കി, ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ പൊതുസമൂഹത്തില്‍ നിന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പിന്നീട് കുറ്റപത്രം തിരുത്തുകയും പോക്സോ വകുപ്പുകള്‍ വീണ്ടും ചുമത്തുകയും ചെയ്തു.
ദീര്‍ഘമായ നിയമപോരാട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് തലശ്ശേരി അതിവേഗ കോടതി കേസില്‍ വിധി പറഞ്ഞത്. കെ. പത്മരാജനെതിരെ രണ്ട് പോക്സോ വകുപ്പുകള്‍ ചുമത്തി മരണം വരെ ജീവിതപര്യന്തം തടവുശിക്ഷയും 40 വര്‍ഷം തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. കോടതിവിധി വന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് ഇദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.