
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന അതിഭീകര സ്ഫോടനം നടത്തിയത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബിയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു. സ്ഫോടനത്തില്‍ ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നതിനാല്‍ ഇയാളെ തിരിച്ചറിയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിരുന്നില്ല. കാറില്‍നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എയും കുടുംബാംഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളും പരിശോധിച്ചാണ് മരിച്ചത് ഉമര്‍ തന്നെയാണെന്ന് ഉറപ്പുവരുത്തിയത്.
നവംബര്‍ 10-ന് നടന്ന ഈ സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കടകളുടെ മുന്‍വശങ്ങള്‍ തകരുകയും, തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായ പഴയ ഡല്‍ഹിയില്‍ വലിയ പരിഭ്രാന്തി പരത്തുകയും ചെയ്തു. സ്ഫോടനത്തിന് ഉപയോഗിച്ച വെളുത്ത ഹ്യുണ്ടായ് ഐ20 കാര്‍ ആക്രമണത്തിന് 11 ദിവസം മുമ്പ് ഡോ. ഉമര്‍ വാങ്ങിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.