BJP-BDJS| തിരുവനന്തപുരത്ത് എന്‍.ഡി.എ. സഖ്യം പിളര്‍ന്നു: ബി.ഡി.ജെ.എസ്. ഒറ്റയ്ക്ക് മത്സരിക്കും

Jaihind News Bureau
Sunday, November 9, 2025

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സഖ്യത്തില്‍ രൂക്ഷമായ ഭിന്നത. ബി.ജെ.പി.യുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ്. ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. ബി.ജെ.പി. മുന്നണി മര്യാദ പാലിച്ചില്ലെന്ന് ആരോപിച്ച ബി.ഡി.ജെ.എസ്, നാളെ 20 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നീക്കം കോര്‍പ്പറേഷനില്‍ എന്‍.ഡി.എ.യുടെ സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാകും.

അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം വിവാദത്തില്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ കാല്‍ തൊട്ട് വന്ദിച്ചാണ് സ്ഥാനാര്‍ത്ഥികള്‍ വേദിയിലെത്തിയത്. പാളയത്ത് മത്സരിക്കുന്ന മുന്‍ കായിക താരവും സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയുമായ പദ്മിനി തോമസും രാജീവ് ചന്ദ്രശേഖന്റെ കാല്‍ തൊട്ട് വന്ദിച്ചു. അണികള്‍ക്കിടയിലും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.