
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണു(48) ആണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. താന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന വേണുവിന്റെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. വേണുവിന് ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബവും ആരോപിച്ചു.
നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കല്‍ കോളേജില്‍ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഗുരുതരാവസ്ഥയില്‍ വേണുവിനെ തിരുവനന്തപുരത്തേക്ക് അയച്ചത്. ഒക്ടോബര്‍ 31ന് എത്തിയ രോഗിക്ക് അഞ്ച് ദിവസം കിടന്നിട്ടും ആന്‍ജിയോഗ്രാം ചെയ്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഡോക്ടര്‍ കുറിച്ച മരുന്നുകള്‍ ആശുപത്രിയില്‍ ഇല്ലെന്ന് നേഴ്സ് മറുപടി നല്‍കിയതായി വേണുവിന്റെ ഭാര്യ സിന്ധു പറഞ്ഞു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.