JAIRAM RAMESH| ചൈനീസ് അതിര്‍ത്തി തര്‍ക്കം: മോദി ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് എന്തുകൊണ്ട്?; കേന്ദ്രത്തിനെതിരെ ചോദ്യങ്ങളുമായി ജയ്‌റാം രമേശ്

Jaihind News Bureau
Tuesday, August 5, 2025

ചൈനയുമായുള്ള അതിര്‍ത്തി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്് ജയ്‌റാം രമേശ് രംഗത്ത്. ചൈനീസ് അതിര്‍ത്തി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പിന്തുടരുന്നത് ‘നിഷേധിക്കുക, ശ്രദ്ധ തിരിക്കുക, നുണ പറയുക, ന്യായീകരിക്കുക’ എന്ന നയമാണെന്ന് അദ്ദേഹം ആരോപിച്ചു. 2020 ജൂണ്‍ 15-ന് ഗാല്‍വാനില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതുമുതല്‍ ഓരോ ദേശസ്‌നേഹിയും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നുണ്ടെന്നും, എന്നാല്‍ സര്‍ക്കാര്‍ സത്യം മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ തുടരുമ്പോഴും ഇന്ത്യ ചൈനയുമായി സാമ്പത്തിക ബന്ധം തുടരുന്നതിനെയും, ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സമയത്ത് പാകിസ്ഥാന് ചൈന നല്‍കിയ പിന്തുണയെയും ജയ്‌റാം രമേശ് ചോദ്യം ചെയ്തു. 2020 ജൂണ്‍ 19-ന്, ഗാല്‍വാനില്‍ നമ്മുടെ സൈനികര്‍ വീരമൃത്യു വരിച്ച് നാല് ദിവസത്തിന് ശേഷം, ‘ന കോയി ഹമാരി സീമ മേം ഘുസ് ആയാ ഹേ, ന ഹീ കോയി ഘുസാ ഹുവാ ഹേ’ (നമ്മുടെ അതിര്‍ത്തിയിലേക്ക് ആരും അതിക്രമിച്ചു കയറിയിട്ടില്ല) എന്ന് പറഞ്ഞ് പ്രധാനമന്ത്രി ചൈനക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് എന്തുകൊണ്ടാണ്? ‘2024 ഒക്ടോബര്‍ 21-ന് ഒപ്പിട്ട സൈനിക പിന്മാറ്റ കരാര്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞതുപോലെ 2020 ഏപ്രിലിലെ സ്ഥിതി പുനഃസ്ഥാപിക്കുന്നുണ്ടോ? ഇന്ത്യയുടെ പ്രാദേശിക അവകാശത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ പട്രോളിംഗ് നടത്തുന്നതിന് ചൈനയുടെ അനുമതി ഇപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന് ആവശ്യമുണ്ടോ? കിഴക്കന്‍ ലഡാക്കിലെ ഏകദേശം 1,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി, അതില്‍ 900 ചതുരശ്ര കിലോമീറ്റര്‍ ഡെപ്‌സാങ്ങിലായിരിക്കാമെന്ന് 2020-ലെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയത് ശരിയാണോ? ഇതിന് സര്‍ക്കാര്‍ ആരെയാണ് ഉത്തരവാദിത്തപ്പെടുത്തുന്നത്? ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സമയത്ത് പാകിസ്ഥാന്‍ സൈന്യത്തിന് നിര്‍ണായക സഹായം നല്‍കിയ ചൈനയുമായി മോദി സര്‍ക്കാര്‍ എന്തിനാണ് ‘സാധാരണ നില’ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നത്?

ജയറാം രമേശിന്റെ ഈ ചോദ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ചൈനീസ് അതിര്‍ത്തി നയങ്ങളെ സംശയത്തിന്റെ നിഴലിലാക്കുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിഷയങ്ങളില്‍ സര്‍ക്കാര്‍ സുതാര്യത പുലര്‍ത്തുന്നില്ലെന്നും, ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതില്‍ പരാജയപ്പെടുന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഈ വിഷയങ്ങളില്‍ വ്യക്തമായ മറുപടി നല്‍കാത്തപക്ഷം, അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ആശങ്കകള്‍ തുടര്‍ന്നുകൊണ്ടിരിക്കും.