TEST CRICKET| ഓ…വെല്‍!! ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് വിജയം;പരമ്പര സമനിലയില്‍

Jaihind News Bureau
Monday, August 4, 2025

 

ഓവലിലെ ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ടീം ഇന്ത്യ. അത്യന്തം ആവേശകരമായ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ആറു റണ്‍സിനാണ് ടീം ഇന്ത്യ തോല്‍പിച്ചത്. ഇതോടെ ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫി 2-2 ന് സമനിലയിലായി.

ടെസ്റ്റ് മത്സരത്തിന്റെ എല്ലാ ആവേശവും, മനോഹാരിതയും കണ്ട മത്സരം. അതായിരുന്നു ഇന്ന് ഓവലില്‍ കണ്ടത്. അവസാനദിനമായ ഇന്ന് ഇന്ത്യക്ക് വിജയത്തിന് നാലുവിക്കറ്റും, ഇംഗ്ലണ്ടിന് ജയിക്കാന്‍ 35 റണ്‍സുമായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ മിന്നലായി മുഹമ്മദ് സിറാജും, പ്രസീദ്കൃഷണയും അവതരിച്ചതോടെ അടിമുടി നാടകീയതകള്‍ നിറഞ്ഞ ഓവല്‍ ടെസ്റ്റില്‍ കൈവിട്ടെന്ന് കരുതിയ കളി ഇന്ത്യ പൊരുതിക്കയറി വിജയം പിടിച്ചെടുത്തു. ഇന്ത്യന്‍ മനക്കരുത്തിന് മുന്നില്‍ ഇംഗ്ലണ്ട് കീഴടങ്ങി.

ഇത്രയും സസ്പെന്‍സും ഭാഗ്യനിര്‍ഭാഗ്യങ്ങളും മാറിമറിഞ്ഞ ഒരു ടെസ്റ്റ് മത്സരം ഇന്ത്യയെ സംബന്ധിച്ച് അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല എന്ന് ഒറ്റവാക്കില്‍ പറയാം. പരിക്കേറ്റ ക്രിസ് വോക്സ് വരെ ബാറ്റിങ്ങിനിറങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ട കളിയില്‍ അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ അവസാന നാലു നാല് വിക്കറ്റുകളില്‍ മൂന്നും സിറാജ് നേടിയപ്പോള്‍ ഒന്ന് പ്രസിദ്ധ് കൃഷ്ണ സ്വന്തമാക്കി. പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ആറു റണ്‍സിന് കീഴടക്കിയ ഇന്ത്യ പരമ്പര സമനിലയിലാക്കി.

ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് നാലു വിക്കറ്റ് ശേഷിക്കേ അവസാന ദിനം ജയിക്കാന്‍ 35 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആറിന് 339 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയാണ് ജാമി ഓവര്‍ട്ടണ്‍ തുടങ്ങിയത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ജാമി സ്മിത്തിനെ വീഴ്ത്തി മുഹമ്മദ് സിറാജ് മത്സരം ആവേശകരമാക്കി. പിന്നാലെ 80-ാം ഓവറില്‍ ഓവര്‍ട്ടണിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി സിറാജ് വീണ്ടും ഇന്ത്യന്‍ സാധ്യതകള്‍ വര്‍ധിപ്പിച്ചു.

11 പന്തുകള്‍ പ്രതിരോധിച്ച ജോഷ് ടങ്ങിന്റെ കുറ്റി 12-ാം പന്തില്‍ തെറിപ്പിച്ച് പ്രസിദ്ധ് മത്സരത്തെ ആവേശക്കൊടുമുടിയിലേറ്റി. പിന്നാലെ തോളിന് പരിക്കേറ്റ ക്രിസ് വോക്‌സ് ക്രീസിലേക്ക്. വോക്‌സിനെ ഒരറ്റത്ത് നിര്‍ത്തി ഗസ് ആറ്റ്കിന്‍സണ്‍ ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചപ്പോള്‍ ഇന്ത്യ വീണ്ടും പ്രതിരോധത്തില്‍. എന്നാല്‍ 86-ാം ഓവറില്‍ ആറ്റ്കിന്‍സന്റെ കുറ്റിതെറിപ്പിച്ച് സിറാജ് ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചു.

നേരത്തേ ഹാരി ബ്രൂക്കിന്റെയും ജോ റൂട്ടിന്റെയും സെഞ്ചുറികളും ഇരുവരുടെയും കൂട്ടുകെട്ടും നാലാം ദിനം ഇംഗ്ലണ്ടിന് മത്സരത്തില്‍ മേല്‍ക്കൈ സമ്മാനിച്ചിരുന്നു. എന്നാല്‍ ഇരുവരെയും പുറത്താക്കി ഇന്ത്യ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.
റൂട്ട് – ബ്രൂക്ക് സഖ്യം മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കി. നാലാം വിക്കറ്റില്‍ ഇരുവരും 195 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇംഗ്ലണ്ട് മത്സരത്തില്‍ മുന്‍തൂക്കം നേടിയിരുന്നു. ബ്രൂക്കായിരുന്നു കൂടുതല്‍ അപകടകാരി. 91 പന്തില്‍ സെഞ്ചുറി നേടിയ ബ്രൂക്ക് 98 പന്തില്‍ നിന്ന് രണ്ട് സിക്സും 14 ഫോറുമടക്കം 111 റണ്‍സെടുത്താണ് പുറത്തായത്. പിന്നാലെ ജോ റൂട്ട് സെഞ്ചുറി തികച്ചു. താരത്തിന്റെ 39-ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. നായകന്‍ ശുഭ്മാന്‍ ഗില്‍ നേതൃത്വം നല്‍കിയ ഇന്ത്യന്‍ ബാറ്റര്‍മാരും, ബോളര്‍മാരും,ഫീല്‍ഡര്‍മാരും ഒരേ മനസോടെ മത്സരത്തില്‍ കളം നിറഞ്ഞതോടെ മത്സരവും, പരമ്പരയും ആവേശോജ്വലമായി. സീനിയര്‍ താരങ്ങളില്ലാതെ ഇറങ്ങി മികച്ച ജയം സ്വന്തമാക്കിയ ടീം ഇന്ത്യയുടെ ഭാവി ഈ ടീമില്‍ സുരക്ഷിതമെന്ന് തെളിയിക്കുന്ന മത്സരവും, പരമ്പരയുമാണ് കടന്ന് പോയത് എന്ന് ഒറ്റവാക്കില്‍ പറയാം.