K C VENUGOPAL MP| കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചതില്‍ സന്തോഷം; കേസ് ഉടന്‍ റദ്ദാക്കണം: കെ.സി. വേണുഗോപാല്‍ എം പി

Jaihind News Bureau
Saturday, August 2, 2025

കന്യാസ്ത്രീ സഹോദരിമാര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ സന്തോഷമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. കേസ് ഉടനടി റദ്ദാക്കാന്‍ ഛത്തീസ്ഗഢ് ഗവണ്‍മെന്റ് തയ്യാറാകണമെന്നും ഇത് അന്യായവും സത്യവിരുദ്ധവുമായ കേസാണെന്നും വേണുഗോപാല്‍ എം പി പ്രതികരിച്ചു.

കഴിഞ്ഞ ഒമ്പത് ദിവസമായി ഇന്ത്യ കണ്ടത് ഒരു പ്രത്യേക തരം പോരാട്ടമായിരുന്നുവെന്നും അതിന് ജാതിയും മതവും രാഷ്ട്രീയവുമൊന്നുമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. എല്ലാവരുടെയും കൂട്ടായ പോരാട്ടത്തിന്റെ ഫലമായാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അല്‍പ്പമെങ്കിലും നീതിബോധമുണ്ടെങ്കില്‍ ഛത്തീസ്ഗഢ് ഗവണ്‍മെന്റ് ഈ കേസ് റദ്ദാക്കണം. അതുപോലെ ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയോട് കേസ് റദ്ദാക്കാന്‍ പറയണം. ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കാട്ടിക്കൂട്ടിയത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഏറ്റവും വലിയ ആക്രോശങ്ങളായിരുന്നു. അവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം കന്യാസ്ത്രീകളെ ജയിലിലടക്കുകയാണ് ഛത്തീസ്ഗഢ് ഗവണ്‍മെന്റ് ചെയ്തത്. നിയമം നിയമത്തിന്റെ വഴിക്ക് പോയിരുന്നെങ്കില്‍ കന്യാസ്ത്രീകള്‍ക്കെതിരെ കേസുണ്ടാകില്ലായിരുന്നു. നീതി നടപ്പാക്കുന്ന സര്‍ക്കാരാണെങ്കില്‍ അന്യായം നടത്തിയവര്‍ക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും ആടിനെ പട്ടിയാക്കുന്ന രീതിയിലല്ല നിയമത്തെ വ്യാഖ്യാനിക്കേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു.

ബിലാസ്പൂര്‍ എന്‍ ഐ എ കോടതിയാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കഴിഞ്ഞ ഒന്‍പത് ദിവസമായി കന്യാസ്ത്രീകള്‍ ജയിലില്‍ കഴിയുകയാണ്.