‘പാചക വാതക വില വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളി; കേന്ദ്ര സര്‍ക്കാര്‍ തട്ടിയെടുത്തത് ജനങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യം’-വി.ഡി.സതീശന്‍

Jaihind News Bureau
Tuesday, April 8, 2025

അന്താരഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞിട്ടും പാചക വാതക വില വര്‍ധിപ്പിച്ചത് ജനങ്ങളോടുള്ള മോദി സര്‍ക്കാരിന്‍റെ മനോഭാവം വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സബ്‌സിഡി അര്‍ഹതയുള്ള ഉപഭോക്താക്കളെയും നിരക്ക് വര്‍ധനയില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും ഇത് രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പെട്രോള്‍- ഡീസല്‍ തീരുവയും വര്‍ധിപ്പിച്ചിട്ടുണ്ട്. വില പ്രത്യക്ഷത്തില്‍ ഉപഭോക്താക്കളെ ബാധിക്കില്ലെങ്കിലും അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയിലുള്ള ഇടിവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ സര്‍ക്കാര്‍ തന്നെ കവര്‍ന്നെടുക്കുകയാണ്.

സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് നൂറു രൂപയ്ക്ക് മുകളിലായിട്ട് കാലങ്ങളായി. ഡീസല്‍ വിലയും നൂറ് രൂപയോട് അടുക്കുകയാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അന്തരാഷ്ട്ര വിപണിയില്‍ അംസ്‌കൃത എണ്ണ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്ധന വില നാമമാത്രമായി വര്‍ധിപ്പിച്ചപ്പോള്‍ കാളവണ്ടി സമരം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലാത്തത് അദ്ഭുതകരമാണ്.

പാവങ്ങളുടെ പോക്കറ്റടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ശ്കതമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസും യു.ഡി.എഫും മുന്നോട്ട് പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.