കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികള്‍ പിടിയില്‍.

Jaihind News Bureau
Saturday, March 15, 2025

കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് എത്തിച്ച രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കഴിഞ്ഞ വര്‍ഷം ക്യാമ്പസില്‍ നിന്ന് പഠിച്ചിറങ്ങിയ ആഷിക്കിനെയും ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്. പിടിയിലായ വിദ്യാര്‍ത്ഥികളുടെ മൊഴിയില്‍ നിന്നാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചത്. പോളിടെക്നിക്കില്‍നിന്ന് സെമസ്റ്റര്‍ ഔട്ടായ വിദ്യാര്‍ഥിയാണ് ആഷിക്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.

കോളേജ് ഹോസ്റ്റലില്‍ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പൊലീസ് ഇന്നലെ പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിക്ക് ശേഷമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കരുതുന്നത്. ഇയാള്‍ ലഹരിവിതരണക്കാരനാണോ, സ്ഥിരമായി ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്ന ആളാണോ, എവിടെനിന്ന് കഞ്ചാവ് ലഭിച്ചു എന്നീ കാര്യങ്ങളിലാണ് പോലീസ് അന്വേഷണം നടത്തുക. ആഷിക്കിന് എവിടെനിന്നാണ് ലഹരി ലഭിച്ചതെന്ന് പോലീസ് അന്വേഷിക്കും. സെമസ്റ്റര്‍ ഔട്ടായ ശേഷവും ഇയാള്‍ നിരന്തരം ഹോസ്റ്റലില്‍ എത്തിയിരുന്നുവെന്നാണ് വിവരം.

ഹോളി ആഘോഷത്തോട് അനുബന്ധിച്ച് 500 രൂപ മുതലാണ് ലഹരിവില്‍പ്പന നടത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ടുകളില്‍ പരിശോധന നടത്തുന്നത്. ഇതിന് പുറമേ ഫോണ്‍ രേഖകളും പരിശോധിക്കും. കേസില്‍ സംശയമുള്ള ആളുകളെ വിശദമായി പരിശോധിക്കും. അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വിദ്യാര്‍ഥികളെ ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തി ചോദ്യംചെയ്തേക്കും.

കളമശ്ശേരി പോളിടെക്നിക് കോളേജിലെ പെരിയാല്‍ മെന്‍സ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ രണ്ടുകേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ആദ്യത്തെ എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍.

റിമാന്‍ഡു ചെയ്യാന്‍ തക്ക അളവ് ലഹരി ലഭിക്കാത്തതിനാലാണ് അഭിരാജിനെയും ആദിത്യനെയും പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. എന്നാല്‍ എസ്എഫ്‌ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പൊലീസ് നടപടിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. എസ് എഫ് ഐ നേതാക്കള്‍ റെയ്ഡിന്റെ വിവരം അറിഞ്ഞാണ് ഹോസ്റ്റലില്‍ എത്തിയതെന്ന് നേതാക്കളുടെ വിശദീകരണം പക്ഷേ പോലീസ് തള്ളിയിരുന്നു. കയ്യോടെ കഞ്ചാവു പിടിച്ച കേസാണിത് എന്നാണ് തൃക്കാക്കര സി ഐ വെളിപ്പെടുത്തിയത്. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഈ വിദ്യാര്‍ത്ഥികള്‍ക്ക് എതിരാണ്.