ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി 2 നാള്‍ മാത്രം ബാക്കി നില്‍ക്കെ പൊങ്കാലയ്ക്കുളള കലം വില്‍പ്പനയും പൊടിപൊടിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നുളള സത്രീകളാണ് കച്ചവടത്തിനെത്തിയിരിക്കുന്നത്. മണ്‍കലത്തില്‍ നിറഞ്ഞ് തുളുമ്പുന്ന നിവേദ്യമാണ് പൊങ്കാലക്കാഴ്ചകളിലെ പുണ്യം. ആ നിമിഷത്തിന്റെ വരവറിയിക്കുകയാണ് വഴിയോരങ്ങളിലെല്ലാം നിറയുന്ന ഈ കാഴ്ചകള്‍.
നെയ്യാറ്റിന്‍കര പാറശാല പോലുള്ള അതിര്‍ത്തി മലയോരഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ നിന്നുള്ള കലവുമായി പൊങ്കാലകച്ചവടത്തിനെത്തുന്നത്. കലംമാത്രമല്ല ചൂട്ടും കൊതുമ്പും വരെ ഇവിടെ കിട്ടും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിലകൂടുതലാണങ്കിലും കലം വാങ്ങാനും തിരക്കായിത്തുടങ്ങി.
കരമന ആറിന്‍റെ പാലത്തിനിപ്പുറം മുതല്‍ നഗരത്തില്‍ എല്ലായിടത്തും ഫുട്പാത്തുകളില്‍ വില്‍പ്പനക്കാരുടെ കലങ്ങള്‍ നിറഞ്ഞു കഴിഞ്ഞു.പൊങ്കാലക്ക് ഇനി രണ്ട് നാള്‍ മാത്രം ശേഷിക്കെ കച്ചവടം താകൃതിയിലാകുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കും. കരമന മുതല്‍ കിഴക്കേകോട്ട വരെയും കച്ചവടത്തിന് മുന്നില്‍ സ്ത്രീകളാണ്. വിവിധ ദേശങ്ങളില്‍ നിന്ന് പൊങ്കാലയ്ക്ക് എത്തുന്നവരെ തേടി ഇവരും കാത്തിരിക്കുകയാണ്.